
ടെഹ്‌റാന്‍: അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണമായി പിന്‍മാറി ഇറാന്‍. ലബനനിലും ഗാസയിലും ഇസ്രയേല്‍ ആക്രമണം തുടരുന്നതാണ് ചര്‍ച്ചകള്‍ വഴിമുട്ടിയതിന് പിന്നില്‍. ഇസ്രയേലിന്റെ ആക്രമണം അവസാനിക്കുന്നത് വരെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാനാണ് ഇറാന്‍ റവലൂഷണറി ഗാര്‍ഡ് കോറിന്റെ തീരുമാനം. ഇറാന്‍ ഭരണകൂടവുമായി അടുത്ത് നില്‍ക്കുന്ന വാര്‍ത്താ ഏജന്‍സിയായ താസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ പിന്മാറിയെന്നും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തടയുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യെമനിലെ ഹൂതി വിമത സഖ്യകക്ഷികള്‍ക്ക് പേര്‍ഷ്യന്‍ ഗള്‍ഫിലെ മറ്റൊരു പ്രധാന ജലപാതയായ ബാബ് എല്‍-മാന്‍ഡെബ് കടലിടുക്ക് വഴി വരുന്ന വാണിജ്യ കപ്പലുകള്‍ ആക്രമിക്കാന്‍ ഇറാനിയന്‍ ഭരണകൂടം അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ലബനിനിലെ വെടിനിര്‍ത്തലും വ്യവസ്ഥകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഇത് ഇസ്രയേല്‍ ലംഘിച്ചുവെന്നും ഇറാന്‍ ആരോപിക്കുന്നു.
മദ്ധ്യസ്ഥരുടെ ഇടപെടലുകളും സന്ദേശ കൈമാറ്റവും ഉള്‍പ്പെടെയുള്ള സമാധാന ശ്രമങ്ങള്‍ക്കാണ് ഇറാന്റെ പുതിയ തീരുമാനം വഴിവയ്ക്കുന്നത്. വെടി നിര്‍ത്തല്‍ വ്യവസ്ഥയില്‍ ലബനന്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ഇസ്രയേല്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന നിലപാടാണ് ഇറാനുള്ളത്. വിഷയത്തില്‍ ഔദ്യോഗികമായി ഇറാന്‍ ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ എക്‌സ് പോസ്റ്റ് കാര്യങ്ങളുടെ ഏകദേശ ധാരണ നല്‍കുന്നതാണ്. വെടിനിര്‍ത്തല്‍ ലംഘിച്ചതിന്റെ ഫലങ്ങള്‍ക്ക് അമേരിക്കയും ഇസ്രയേലും മാത്രമായിരിക്കും ഉത്തരവാദികളെന്ന് അദ്ദേഹം കുറിച്ചു.
'ലബനന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അവ്യക്തതയില്ലാതെ ഇറാനും അമേരിക്കയും തമ്മില്‍ സമഗ്രമായ ഒരു വെടിനിര്‍ത്തല്‍ ഉണ്ടാക്കുന്നു. ഏതെങ്കിലും ഒരു മുന്നണിയുടെ ലംഘനം വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളായിരിക്കും' - അബ്ബാസ് അരാഗ്ചി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |