SignIn
Kerala Kaumudi Online
Thursday, 02 July 2026 10.57 PM IST

ലോട്ടറിയായി കടലില്‍ കെട്ടിക്കിടക്കുന്നത് 5.8 കോടി ബാരല്‍ എണ്ണ; എന്തുചെയ്യുമെന്നറിയാതെ ഇറാന്‍

iranian-oil
പ്രതീകാത്മക ചിത്രം

ടെഹ്‌റാന്‍: അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീങ്ങി, കൈവശമുള്ളത് 5.8 കോടി ബാരല്‍ എണ്ണ. എന്നിട്ടും അവ വില്‍ക്കാന്‍ കഴിയാതെ വലയുകയാണ് ഇറാന്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില്‍ക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് ഇറാന് സമ്മാനിച്ചിരിക്കുന്നത്. 60 ദിവസത്തേക്കാണ് ഉപരോധം അമേരിക്ക നീക്കം ചെയ്തത്. വാങ്ങാന്‍ ആളെ കിട്ടാത്തതാണ് ടെഹ്‌റാന്‍ നേരിടുന്ന പ്രതിസന്ധിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആകെ കൈവശമുള്ള എണ്ണ കപ്പലുകളില്‍ കടലില്‍ തമ്പടിച്ചിരിക്കുകയാണ്. വാങ്ങാന്‍ ആരും മുന്നോട്ട് വരുന്നില്ല. കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് ആകെ എണ്ണ ശേഖരത്തില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഇനിയും ബാക്കിയാണ്. എന്നാല്‍ യുദ്ധ പ്രതിസന്ധി ഘട്ടത്തില്‍ ഉയര്‍ന്ന ക്രൂഡ് വില കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വില്‍പ്പന പെട്ടെന്ന് നടക്കേണ്ടതാണ്. വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാല്‍ അത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെ ആകര്‍ഷിക്കും.

വാങ്ങാന്‍ ഇന്ത്യയും ചൈനയും മുന്നോട്ട് വരുമെന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നത്. തുറമുഖങ്ങളില്‍ ഉള്‍പ്പെടെ ഓഗസ്റ്റ് പകുതി വരെയാണ് ഉപരോധം പിന്‍വലിച്ചിരിക്കുന്നത്. ഈ കാലാവധിക്കുള്ളില്‍ വില്‍പ്പന നടന്നില്ലെങ്കില്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമ്പോള്‍ ഇറാന് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും പ്രത്യേകിച്ച് സാമ്പത്തികമായി വലിയ തിരിച്ചടിയേറ്റ് നില്‍ക്കുമ്പോള്‍ തിരിച്ചുവരവിന്റെ പ്രധാന മാര്‍ഗം പോലും ക്രൂഡ് വില്‍പ്പനയാണ്.

ഇന്ത്യക്ക് ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങാന്‍ താത്പര്യമുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ചകളും നടന്നതാണ്. എന്നാല്‍ ഓഗസ്റ്റ് വരെയുള്ള എണ്ണ വിതരണം ഇന്ത്യ നേരത്തെ തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഉറപ്പാക്കിയിട്ടുണ്ട്. പണമിടപാടിന്റെ കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രമേ ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നാണ് വിവരം. പശ്ചിമേഷ്യന്‍ യുദ്ധ സമയത്ത് ഉയര്‍ന്ന വില നല്‍കി വാങ്ങിയ ക്രൂഡ് ഓയിലാണ് ഇപ്പോഴും ഇന്ത്യയില്‍ ശുദ്ധീകരിച്ച് ഉപയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN, OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360