
ദോഹ: യു.എസ് - ഇറാൻ നേരിട്ടുള്ള കൂടിക്കാഴ്ചകൾ ഇപ്പോൾ നടക്കില്ലെന്ന് ഖത്തർ അറിയിച്ചതോടെ സമാധാന ധാരണയ്ക്കുള്ള സമയം നീളുന്നു.
മദ്ധ്യസ്ഥർ വഴി മാത്രമാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ഹോർമുസിലെ മൈനുകൾ നീക്കം ചെയ്യുക സങ്കീർണമാണെന്നും അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നും ഖത്തർ അറിയിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ദോഹയിലെത്തിയ യു.എസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
അതേസമയം യു.എസ് മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കളിൽ 1200 കോടി ഡോളർ നേരിട്ട് ലഭിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബാഫ് പറഞ്ഞു.വെടിനിറുത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണമായി നടപ്പായ ശേഷമേ ആണവ പദ്ധതി നിയന്ത്രണം പോലുള്ളവ ചർച്ച ചെയ്യുകയുള്ളൂയെന്നും ഇല്ലെങ്കിൽ യുദ്ധത്തിന് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തങ്ങളുടെ സാങ്കേതിക പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയക്കുന്നുണ്ടെങ്കിലും അതിന് യു.എസ് സംഘത്തിന്റെ ദോഹ സന്ദർശനവുമായി യാതൊരു ബന്ധവുമില്ലെന്നും ഇറാൻ വ്യക്തമാക്കി.യു.എസ് സംഘം നിലവിൽ ദോഹയിലുണ്ട്.ഇരുവരും ഖത്തർ നേതൃത്വവുമായി കൂടിക്കാഴ്ചനടത്തി മടങ്ങും.ലെബനൻ വിഷയമുൾപ്പെടെ സമാധാനക്കരാറിലെ തടസങ്ങൾ ചർച്ചചെയ്യും.
അതേസമയം ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും, ഒപ്പം രാജ്യത്തിന്റെ സാമ്പത്തിക-ഭരണപരമായ പ്രകടനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും സുരക്ഷാ കാര്യങ്ങളും ചർച്ചകളുടെ ഭാഗമാകുമെന്ന് ഇറാൻ വക്താവ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തർക്കങ്ങൾ പരിഹരിക്കുന്നതും, മരവിപ്പിച്ചു നിർത്തിയിരുന്ന 6 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ വിട്ടുകിട്ടുന്നതുമുൾപ്പെടെയുള്ള വിഷയങ്ങളാണ് ഈ ധാരണാപത്രത്തിന്റെ പരിധിയിൽ വരുന്നത്.
അതേസമയം ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ വധിക്കുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.ഇസ്രയേലിനെ യു.എസിന്റെ വളർത്തുമൃഗങ്ങൾ എന്ന് വിശേഷിപ്പിച്ച അരാഗ്ചി,അവരെ നിയന്ത്രിക്കാൻ യു.എസ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.തങ്ങളുടെ ജനങ്ങൾക്കോ നേതൃത്വത്തിനോ എതിരെ ഉണ്ടാകുന്ന ഭീഷണിക്ക് ശക്തമായ തിരിച്ചടി ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അബ്ബാസ് അരാഗ്ചി ആവർത്തിച്ചു വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |