SignIn
Kerala Kaumudi Online
Thursday, 02 July 2026 5.37 PM IST

'മൂന്ന് താരങ്ങളെയും ഉടൻ ടീമിൽ നിന്നും മാറ്റിയാൽ   എല്ലാം തകരും', അരങ്ങേറ്റത്തിന് വൈഭവ് ഇനിയും കാത്തിരിക്കണം?

vaibhav-suryavanshi
പരിശീലനത്തിനിടെ വൈഭവ് സൂര്യവംശി

ലണ്ടൻ: ഐപിഎൽ സീസണിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് 15കാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിലും താരത്തെ ബെഞ്ചിലിരുത്താനുള്ള മാനേജ്‌മെന്റിന്റെ തീരുമാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അയർലൻഡിനെതിരായ പരമ്പരയിൽ 0-2 ന് പരാജയപ്പെട്ടിട്ടും വൈഭവിനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല.

തൊട്ടുപിന്നാലെ ഇന്നലെ ഡർഹാമിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ട്വന്റി-20 മത്സരത്തിലും പുറത്തിരുത്തിയതോടെ ടീം മാനേജ്‌മെന്റിനെതിരെ ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ടീം സെലക്ഷനെക്കുറിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ ശക്തമായി വിമർശിച്ചു. അയർലൻഡ് പരമ്പരയായിരുന്നു യുവതാരങ്ങളെ പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരം മഴമൂലം ഉപേക്ഷിച്ചതിന് ശേഷം സോണി സ്‌പോർട്സിനോട് സംസാരിക്കുകയായിരുന്നു ഗവാസ്‌കർ.

'വൈഭവിന്റെ നിലവിലെ ഫോം നോക്കിയാൽ രണ്ട് മത്സരങ്ങളിലും അവന് അവസരം നൽകണമെന്ന് ഒരു മാസമായി ഞാൻ പറയുന്നുണ്ട്. ഒരു യുവതാരത്തെ പരീക്ഷിക്കാൻ ഇതിലും നല്ലൊരു അവസരം വേറെ കിട്ടില്ല. ഇനി വൈഭവിന് അവസരം ലഭിച്ചാൽ ആദ്യ മത്സരങ്ങളിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന കടുത്ത സമ്മർദ്ദം അവനുണ്ടാകും.'- ഗവാസ്‌കർ പറഞ്ഞു.

ishan-kishan-vaibhav
ഇഷാൻ കിഷനും വൈഭവ് സൂര്യവംശിയും പരിശീലനത്തിനിടെ

കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് ശേഷം 1,500ലധികം റൺസ് നേടി ഐസിസി ട്വന്റി-20 റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്ന താരമാണ് അഭിഷേക് ശ‌ർമ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ, നിലവിൽ ട്വന്റി-20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഫോം ഔട്ടാണെങ്കിലും ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മൂന്ന് മികച്ച ഇന്നിംഗ്സുകൾ സഞ്ജുവിന്റെ പേരിലുണ്ട്. ഈ മൂന്ന് താരങ്ങളെയും പെട്ടെന്ന് ഒരു ദിവസം ടീമിൽ നിന്ന് മാറ്റി നിർത്തുക അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.


ഡർഹാമിൽ സഞ്ജു പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ മാറ്റി വൈഭവിനെ കളിപ്പിക്കണമെന്ന വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ സഞ്ജുവിനെ മാറ്റി വൈഭവിനെ കളിപ്പിക്കരുതെന്ന തീരുമാനം ടീമിന് ഗുണം ചെയ്യില്ലെന്ന അഭിപ്രമായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പുജാര. 'മാനേജ്‌മെന്റ് സഞ്ജുവിനെ പിന്തുണയ്ക്കണം. അദ്ദേഹം ലോകകപ്പിൽ കഴിവ് തെളിയിച്ചതാണ്. സഞ്ജുവിനെ ടീമിൽ നിന്നും മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കേണ്ട കാര്യമില്ല. വൈഭവിന് അവസരം നൽകണമെങ്കിൽ ആർക്കെങ്കിലും വിശ്രമം അനുവദിക്കണം, അല്ലാതെ ഫോമില്ലെന്ന് പറഞ്ഞ് ആരെയും ടീമിൽ നിന്ന് ഒഴിവാക്കരുത്. സഞ്ജു, അഭിഷേക്, ഇഷാൻ എന്നിവരെ മാറ്റിക്കൊണ്ടാകരുത് അത് ചെയ്യേണ്ടത്.'- ജിയോ ഹോട്‌സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ് വൈഭവ്. അങ്ങനെയെങ്കിൽ നിലവിലെ സീനിയർ താരങ്ങളെ മാറ്റാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ എന്തിനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വൈഭവിനെ 15 അംഗ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ലോകോത്തര ഫോമിലുള്ള ഒരു താരത്തെ ബെഞ്ചിലിരുത്തുന്നത് യോഗ്യതയ്ക്കുള്ള അംഗീകാരമല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SURYAVANSHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360