മയാമി : ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്പെയിനിനെ ഗോൾരഹിതമായി തളച്ച ആഫ്രിക്കൻ കുഞ്ഞുരാജ്യം കേപ് വെർദേ ഇന്നലെ ഉറുഗ്വേയെയും 2-2 സമനിലയിൽ കുരുക്കി. 21-ാം മിനിട്ടിൽ കെവിൻ പിന ലോകകപ്പ് ചരിത്രത്തിലെ കേപ് വെർദേയുടെ ആദ്യ ഗോൾ നേടി. 44-ാം മിനിട്ടിൽ അറോഹോയും 45+6-ാം മിനിട്ടിൽ കനോബിയോയും ചേർന്ന് ഉറുഗ്വേയെ മുന്നിലെത്തിച്ചെങ്കിലും 61-ാം മിനിട്ടിൽ ഹെലിയോ വരേലയുടെ ഗോൾ കളിയുടെ വിധിയെഴുതി. ആദ്യ മത്സരത്തിൽ സൗദിയോടും സമനിലയിൽ പിരിഞ്ഞ ഉറുഗ്വേയുടെ നോക്കൗട്ട് പ്രതീക്ഷകൾ ഇതോടെ തുലാസിലായി.
ഈജിപ്തിന് ചരിത്രവിജയം
ഗ്രൂപ്പ് ജിയിൽ 3-1ന് ന്യൂസിലാൻഡിനെ കീഴടക്കി ഈജിപ്ത് തങ്ങളുടെ ആദ്യ ലോകകപ്പ് വിജയം ആഘോഷിച്ചു. മുസ്തഫ സീക്കോ, മുഹമ്മദ് സലാ, ട്രെസിഗ്വേ എന്നിവരാണ് ഈജിപ്തിന് വേണ്ടി ഗോൾ നേടിയത്. ജി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറാൻ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ചു. ബെൽജിയത്തിന്റെ തുടർച്ചയായ രണ്ടാം സമനിലയാണിത്.
ക്രിസ്റ്റ്യാനോ ഇന്നു വീണ്ടും
ആദ്യ മത്സരത്തിൽ കോംഗോയോട് സമനിലയിൽ പിരിയേണ്ടിവന്ന പോർച്ചുഗൽ ഇന്ന് രണ്ടാം മത്സരത്തിൽ നവാഗതരായ ഉസ്ബക്കിസ്ഥാനെ നേരിടും. കോംഗോയ്ക്ക് എതിരെ പന്ത് തൊടാൻപോലും കഷ്ടപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഫോമിലേക്ക് മടങ്ങിയെത്താനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കിക്കോഫ് ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |