SignIn
Kerala Kaumudi Online
Monday, 07 September 2026 12.43 AM IST

അയൽക്കാരുടെ രഹസ്യങ്ങൾ അറിയണോ? പണം നൽകിയാൽ പറഞ്ഞുതരും; സ്വകാര്യത വിറ്റ് 67കാരി സമ്പാദിച്ചത് കോടികൾ

ai-image
പ്രതീകാത്മക ചിത്രം

അർമേനിയ: അയൽവാസികളുടെ വിശേഷങ്ങൾ അറിയാനുള്ള കൗതുകം വരുമാനമാർഗമാക്കി 67കാരി. കൊളംബിയയിലെ ക്വിൻഡിയോ പ്രവിശ്യയിലെ അർമേനിയയിൽ താമസിക്കുന്ന മിറിയമാണ് അയൽവാസികളുടെ സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകുന്നത്. ബന്ധങ്ങളിലെ പ്രശ്നങ്ങൾ, അവിഹിത ബന്ധങ്ങൾ, വഴക്കുകൾ തുടങ്ങി അയൽപക്കത്തെ വിവിധ സംഭവങ്ങളാണ് മിറിയം ശേഖരിക്കുന്നത്.

'ഗോസിപ്പ് പറയുന്നത് തനിക്ക് ഏറെ ഇഷ്ടമെന്നാണ് മിറിയം പറയുന്നത്. ഗോസിപ്പിന് സ്പാനിഷ് ഭാഷയിൽ ഉപയോഗിക്കുന്ന 'ചിസ്‌മോസ' എന്ന വാക്ക് തന്റെ ജോലിക്ക് അനുയോജ്യമാണെന്നും അവർ സ്വയം വിശേഷിപ്പിച്ചു.

കണ്ടന്റ് ക്രിയേറ്ററായ ലേഡി ഡാനിയേലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മിറിയം തന്റെ വ്യത്യസ്തമായ വരുമാനമാർഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പിന്നീട് കൊളംബിയൻ, ചിലിയൻ മാദ്ധ്യമങ്ങളും അഭിമുഖത്തിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തു. 'നിങ്ങളോട് ഇവിടെ ഇരുന്ന് സംസാരിക്കുമ്പോഴും എന്റെ ചെവി ചുറ്റുമുള്ളവർ പറയുന്നതെല്ലാം കേൾക്കാൻ പാകത്തിൽ തുറന്നിരിക്കുകയാണ്,' മിറിയം പറഞ്ഞു.

പറയുന്ന വിവരത്തിന്റെ സ്വഭാവമനുസരിച്ചാണ് മിറിയം തുക ഈടാക്കുന്നത്. അയൽപക്കത്തെ ചെറിയ വിശേഷങ്ങൾക്ക് ഏതാനും ആയിരം കൊളംബിയൻ പെസോ മതിയാകും. കൂടുതൽ ഗൗരവമുള്ളതോ സ്വകാര്യമായതോ ആയ വിവരങ്ങൾക്ക് വില കൂടും. തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലത്തെക്കുറിച്ചും മിറിയം വെളിപ്പെടുത്തി. ഭാര്യ യാത്ര പോകുന്ന സമയത്ത് ഭർത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുന്നുവെന്ന വിവരം പുറത്തുപറയാതിരിക്കാൻ ഏഴ് ലക്ഷം കൊളംബിയൻ പെസോ ലഭിച്ചെന്നാണ് ഇവർ പറയുന്നത്.

miriyam
മിറിയ

അടുത്ത വീട്ടിൽ എന്താണ് നടക്കുന്നതെന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുകയാണ് തന്റെ ജോലിയെന്ന് മിറിയം പറയുന്നു. വീടിന് പുറത്തിരുന്ന് ചുറ്റുപാടുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയും ആളുകളുടെ സംസാരങ്ങൾ കേൾക്കുകയും ചെയ്യും. കേൾക്കുന്ന കാര്യങ്ങൾ മറന്നുപോകാതിരിക്കാൻ ഒരു നോട്ട് ബുക്കിൽ കാര്യങ്ങൾ കുറിച്ചുവയ്ക്കുകയും ചെയ്യും.

വീട്ടിലെത്തിയ അഭിമുഖസംഘത്തിന് മിറിയം അയൽക്കാരെക്കുറിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളും പതിച്ച ഒരു ബോർഡും കാണിച്ചു കൊടുക്കുന്നുണ്ട്. ചില ചിത്രങ്ങൾ അയൽവാസികളിൽ ചിലരുടെ അവിഹിത ബന്ധങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അവർ അവകാശപ്പെട്ടു. അയൽപക്കത്ത് നടക്കുന്ന സംഭവങ്ങളുടെ സ്വന്തം 'ആർക്കൈവ്' പോലെയാണ് ഈ ശേഖരമെന്നാണ് മിറിയത്തിന്റെ വിശദീകരണം.

ഈ വിചിത്രമായ ബിസിനസിലൂടെ ലഭിക്കുന്ന വരുമാനം ദൈനംദിന ചെലവുകൾക്ക് സഹായിക്കുന്നുണ്ടെന്നും രണ്ട് വീടുകൾ വാങ്ങാൻ ഈ വരുമാനത്തിലൂടെ സഹായിച്ചെന്നും മിറിയം പറയുന്നു. ഗോസിപ്പ് വിറ്റ് കിട്ടുന്ന നാണയങ്ങളും നോട്ടുകളും ശേഖരിച്ചു വയ്ക്കാനുള്ള വലിയ പണക്കുടുക്കയും അവർ കാണിച്ചു തരുന്നുണ്ട്. ചെയ്യുന്ന കാര്യം ഗൗരവത്തോടെയാണ് കാണുന്നത്. തെളിവില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കാറില്ലെന്നും മിറിയം അവകാശപ്പെട്ടു. 'ഗോസിപ്പിന്റെ രാജ്ഞി' എന്നാണ് മിറിയത്തിന്റെ വിളിപ്പേര്. 'ഗോസിപ്പാണ് തന്റെ ജീവിതം. അത് രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്നും മിറിയം പറഞ്ഞു.

എന്നാൽ എല്ലാവരും മിറിയം ചെയ്യുന്ന പ്രവർത്തനങ്ങളിൽ സന്തുഷ്ടരല്ല. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണെന്ന് ചില അയൽവാസികൾ പരാതിപ്പെടാറുണ്ട്. ഒരിക്കൽ തന്റെ ഗോസിപ്പുകളെ എതിർത്തിരുന്നവർ പോലും ഇപ്പോൾ അടുത്ത വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ വീണ്ടും തന്നെ സമീപിക്കാറുണ്ടെന്നാണ് മിറിയത്തിന്റെ വാദം. തന്റെ ബിസിനസ് മാതൃക പിന്തുടരാൻ ചിലർ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ വർഷങ്ങളായുള്ള പരിചയവും കഴിവും തനിക്ക് മറ്റുള്ളവരേക്കാൾ മുൻതൂക്കം നൽകുന്നുണ്ടെന്നും മിറിയം പറയുന്നു.

English Summary

In Colombia, 67-year-old Miryam earns a living by collecting and selling information about her neighbors' private lives. Known as the "Queen of Gossip," she meticulously observes relationships, disputes, and infidelities, charging fees based on the sensitivity of the details. This unique business has enabled her to cover daily expenses and even buy two homes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OFFBEAT, GOSSIP BUSINESS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360