
സർക്കാർ ഓഫീസുകളിലും പൊലിസ് സ്‌റ്റേഷനിലും കയർ ഉത്പന്നങ്ങൾ നിർബന്ധം
ആലപ്പുഴ: കയറുത്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കിയോസ്കുകൾ സ്ഥാപിക്കുന്നു. കയർ കോർപ്പറേഷനിൽ കെട്ടിക്കിടക്കുന്ന ചവിട്ടികൾ, കയർ മാറ്റുകൾ തുടങ്ങിയവ 50 ശതമാനം വരെ വിലക്കുറവിൽ വിൽക്കും. ഇതുസംബന്ധിച്ച് കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജിയും ചർച്ച നടത്തിയെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കയർ കോർപ്പറേഷനിലെ ജീവനക്കാരെ കിയോസ്‌കുകളിൽ നിയോഗിക്കും. കയർ നിർമ്മാണത്തിന് ചകിരിക്കായി തൊണ്ട് സംഭരണവും കിയോസ്കുകളിലൂടെ നടത്തും.
കയർ സഹകരണ സംഘങ്ങളും സഹകാരികളും വഴി കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും ജീവനക്കാരുടെ വീടുകളിലും കയർ ഉത്പന്നങ്ങൾ നിർബന്ധമാക്കും
കെട്ടിക്കിടക്കുന്നത് ₹30 കോടിയുടെ ഉത്പന്നങ്ങൾ
കയർ കോർപ്പറേഷനിൽ പത്തു വർഷമായി ഏകദേശം 30 കോടി രൂപയുടെ കയർ ഉത്പന്നങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ അരക്കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ ഓണക്കാലത്ത് കയർ ഫെഡിന്റെയും കയർ കോർപ്പറേഷന്റെയും സ്റ്റാളുകളിലൂടെ വിറ്റഴിച്ചു.
ഒരു വർഷത്തിനുളളിൽ മുഴുവൻ സ്‌റ്റോക്കും വിറ്റഴിച്ച് വിപണന സ്ഥാപനങ്ങളെ കരകയറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സഹകരണ സംഘങ്ങളിലും ഗോഡൗണുകളിലും മാറ്റുകൾ ഉൾപ്പെടെ കെട്ടിക്കിടക്കുന്നതിനാൽ സർക്കാരിൽ നിന്നും പണം സമയത്ത് ലഭിക്കുന്നില്ല. ഇതിനാൽ തൊഴിലാളികൾക്ക് കൂലി നൽകുന്നതിനും തടസമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |