
ഡമാസ‌്‌കസ്: അസദ് ഭരണകൂടത്തിന്റെ കാലത്തെ രഹസ്യ പദ്ധതിയുടെ ഭാഗമായ ശേഷിക്കുന്ന രാസായുധങ്ങൾ സിറിയ നശിപ്പിച്ചു തുടങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇത്തരമൊരു നശീകരണ പ്രവർത്തനത്തിന് സിറിയ തയ്യാറാകുന്നത്. മുൻ പ്രസിഡന്റ് ബാഷർ അൽ അസദ് സർക്കാരിന്റെ രാസായുധ പദ്ധതിയുടെ ശേഷിപ്പുകൾ കഴിഞ്ഞ മേയിലാണ് സിറിയയുടെ പുതിയ ഭരണകൂടം കണ്ടെത്തിയത്. രാജ്യത്തെ ആഭ്യന്തരയുദ്ധകാലത്തെ മാരക വാതകങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും രാസായുധങ്ങൾ പ്രയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സിറിയയിൽ രാസായുധങ്ങൾ നശിപ്പിച്ച് തുടങ്ങിയതായി 'ഓർഗനൈസേഷൻ ഫോർ ദ പ്രൊഹിബിഷൻ ഒഫ് കെമിക്കൽ വെപ്പൺസ്' (ഒ.പി.സി.ഡബ്ല്യു) സ്ഥിരീകരിച്ചതായി ഐക്യരാഷ്ട്ര സംഘടന പ്രതിനിധി പറഞ്ഞു. 2014ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സ്ഥിരീകരണം ഉണ്ടാകുന്നത്. രണ്ട് രാസായുധ സംഭരണശാലകളെക്കുറിച്ചും സിറിയയുടെ പുതിയ സർക്കാർ ഒ.പി.സി.ഡബ്ല്യുയോട് വെളിപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം, രാസായുധ പദ്ധതിയിൽ പങ്കാളികളായെന്ന് സംശയിക്കുന്നവർക്കെതിരെയുള്ള കോടതി വിചാരണയ്ക്ക് സിറിയ ഒരുങ്ങുകയാണ്. ഉയർന്ന റാങ്കിലുള്ള സൈനിക, രാഷ്ട്രീയ, സാങ്കേതിക ഉദ്യോഗസ്ഥർ ഉൾപ്പെടെ അസദിന്റെ രാസായുധ പദ്ധതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 18 പേരെ സിറിയൻ അധികൃതർ ഈ വർഷം ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. 2024 ഡിസംബറിൽ ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ അസദിനെ അട്ടിമറിച്ച് നിലവിലെ പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറായുടെ നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചെടുക്കുകയായിരുന്നു.
സഹകരണ മനോഭാവം കണക്കിലെടുത്ത് ഷറായുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ കൂടിക്കാഴ്ച നടത്തുകയും സിറിയയ്ക്ക് മേലുള്ള യു.എസ് ഉപരോധങ്ങൾ നീക്കുകയും ചെയ്തിരുന്നു. സിറിയയെ അടുത്തിടെ യു.എസ് തങ്ങളുടെ 'ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ ' പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. 1979 മുതൽ സിറിയയെ യു.എസ് ഈ പട്ടികയിൽ ഉൾപ്പെടുത്തിരിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |