
ഫൈനലിലെ മികച്ച താരമായി ടൈറ്റാൻസിന്റെ യുവതാരം അഹമ്മദ് ഇമ്രാൻ
തിരുവനന്തപുരം : കഴിഞ്ഞ സീസണിൽ മികച്ച യുവ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന തൃശൂർ ടൈറ്റാൻസിന്റെ തിരുവനന്തപുരത്തുകാരനായ താരം അഹമ്മദ് ഇമ്രാനാണ് ഇത്തവണത്തെ ഫൈനലിൽ നങ്കൂരമിട്ടുനിന്ന് അർദ്ധസെഞ്ച്വറി നേടി കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഫൈനലിലെ പ്ളേയർ ഒഫ് ദ മാച്ച് പുരസ്കാരവും ഏറ്റുവാങ്ങിയത് 20കാരനായ ഇമ്രാൻ തന്നെ.
ഈ സീസണിൽ 12 മത്സരങ്ങളിൽ ഓരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയുമടക്കം 364 റൺസാണ് ഇമ്രാൻ അടിച്ചുകൂട്ടിയ ത്. ട്രിവാൻഡ്രം റോയൽസിന് എതിരെ ആഗസ്റ്റ് 28ന് നടന്ന മത്സരത്തിലാണ് സെഞ്ച്വറി നേടിയത്. 60 പന്തുകളിൽ 11 ഫോറും 6 സിക്സുകളുമടക്കം 114 റൺസ് നേടി പുറത്താകാതെ നിന്നിട്ടും പക്ഷേ ആ മത്സരത്തിൽ ടൈറ്റാൻസിന് ജയിക്കാനായില്ല. എന്നാൽ ഫൈനലിൽ നേടിയ 49 പന്തുകളിൽ ഏഴുഫോറും രണ്ട് സിക്സുമടക്കം നേടിയ 69 റൺസ് കിരീടവിജയത്തിന് അടിത്തറയിട്ടു. കഴിഞ്ഞ സീസണിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 437 റൺസ് നേടി റൺവേട്ടയിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇമ്രാൻ. കെ.സി.എല്ലിലെ ഗംഭീരപ്രകടനത്തിന്റെ മികവിൽ കഴിഞ്ഞ വർഷം കേരളത്തിനായി രഞ്ജി ട്രോഫിയിലും ഇമ്രാൻ അരങ്ങേറി.ഏഴ് ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധസെഞ്ച്വറിയടക്കം 327 റൺസാണ് സമ്പാദ്യം.ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയാണ് അഹമ്മദ് ഇമ്രാൻ.ഇമ്രാന്റെ പിതാവ് സുഹ്റാജി റിട്ടയേഡ് എസ്.ഐയാണ്. മാതാവ് നദീറ. ചേട്ടൻ ഇർഫാന്റെ പാത പിന്തുടർന്നാണ് പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ പരിശീലനം തുടങ്ങിയത് തുടങ്ങിയത്. നിരവധി പ്രതിഭകളെ ഈ ക്യാമ്പിൽനിന്ന് വളർത്തിയെടുത്ത പൊലീസുകാരൻ കൂടിയായ അജയ് പ്രസാദാണ് പരിശീലകൻ. സഞ്ജു സാംസണിന്റെ ആദ്യ പരിശീലകനായ ബിജു ജോർജിന്റെ സഹായഹസ്തവും ലഭിച്ചിട്ടുണ്ട്. ഇമ്രാന്റെ പ്രതിഭ കണ്ടറിഞ്ഞ് ബിജു ജോർജിന്റെ ഇടപെടലിലൂടെയാണ് ഇമ്രാന് എസ്.ജി കമ്പനിയുടെ പുതിയ ക്രിക്കറ്റ് കിറ്റ് ലഭിച്ചത്. അതുപയോഗിച്ചാണ് കഴിഞ്ഞ സീസണിൽ കെ.സി.എല്ലിലെ ആദ്യ മത്സരത്തിൽ അർദ്ധസെഞ്ച്വറിയും(61) രണ്ടാം മത്സരത്തിൽ സെഞ്ച്വറിയും(100) നേടിയത്. ഇമ്രാന്റെ അനുജൻ ഇഹാനും ക്രിക്കറ്റ് പരിശീലിക്കുന്നുണ്ട്.
ടീമിന് കിരീടം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ ടീമിലേക്കെത്തുകയെന്നതാണ് ഏറ്റവും വലിയ
ലക്ഷ്യം. അതിനായി കഠിനമായി പരിശ്രമിക്കും
- അഹമ്മദ് ഇമ്രാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |