
കെ.സി.എൽ മൂന്നാം സീസൺ കിരീടമുയർത്തി തൃശൂർ ടൈറ്റാൻസിന്റെ ജെൻ സീ പിള്ളേർ
തിരുവനന്തപുരം : ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഒപ്പംകൂട്ടി കെ.സി.എല്ലിൽ ചരിത്രമെഴുതി തൃശൂർ ടൈറ്റാൻസ്. കഴിഞ്ഞരാത്രി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് തോൽപ്പിച്ചാണ് തൃശൂർ തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത് 167/9 എന്ന സ്കോർ ഉയർത്തിയ കാലിക്കറ്റിനെ 19.3 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് തൃശൂർ മറികടന്നത്.
ചേസിംഗിൽ നാലോവറിനുള്ളിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായിട്ടും 49 പന്തുകളിൽ 69 റൺസുമായി പൊരുതിയ അഹ്മദ് ഇമ്രാന്റെയും ഷോൺ റോജറിന് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഇമ്രാനൊപ്പം മൂന്നാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്ത സഞ്ജീവ് സതീശന്റേയും (29) ഇന്നിംഗ്സുകളാണ് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും മടങ്ങിയശേഷം ക്യാപ്ടൻ എം.എസ്. അഖിൽ (19 നോട്ടൗട്ട്),നിഖിൽ തോട്ടത്ത് (14),മുഹമ്മദ് ഇനാൻ (8) എന്നിവരിലൂടെ തൃശൂർ ത്രില്ലിംഗ് വിജയത്തിലേക്കെത്തി. നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത എം.എസ് നിഖിൽ തൃശൂരിനായി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ആനന്ദ് ജോസഫും ശരത്ചന്ദ്ര പ്രസാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അഹ്മദ് ഇമ്രാനാണ് ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച്. ആലപ്പി റിപ്പിൾസിന്റെ മൊഹമ്മദ് അസറുദ്ദീൻ പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റായി.
ജെൻ സീയെഴുതിയ വിജയകഥ
ഈ സീസണിൽ കളിക്കാരുടെ ശരാശരി പ്രായം നോക്കിയാൽ ഏറ്റവും കുറവുള്ള ടീമായിരുന്നു തൃശൂർ ടൈറ്റാൻസ്. താരലേലത്തിൽ സൂപ്പർ താരങ്ങൾക്ക് പിന്നാലെ പോകാതെ ചെറുപ്പക്കാരായ പ്രതിഭകളെ തിരഞ്ഞെടുത്ത ടൈറ്റാൻസ് അവരിലൂടെയാണ് കിരീടത്തിലേക്കെത്തിയത്. ആൾറൗണ്ടർ അഖിൽ എം. എസ് നയിച്ച തൃശൂർ നിരയിൽ കേരളത്തിന്റെ യുവതാരനിരയിൽ ശ്രദ്ധേയരായ അഹമ്മദ് ഇമ്രാൻ, മാനവ് കൃഷ്ണ , മുഹമ്മദ് ഇനാൻ, ആദിത്യ വിനോദ്, ഷോൺ റോജർ, അമേയ് മനോജ് ,രോഹിത് കെ.ആർ തുടങ്ങിയവരെ ഉൾപ്പെടുത്തിയിരുന്നു. പ്രായത്തിനും പരിചയസമ്പത്തിനുമുപരി വെല്ലുവിളികളെ നേരിടാനുള്ള യുവസംഘത്തിന്റെ കരുത്താണ് ടീമിന് പ്രയോജനപ്പെട്ടത്.
ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ മികവുകാട്ടുകയും ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്ത എം.എസ് അഖിൽ ടൂർണമെന്റിൽ ആകെ 12 വിക്കറ്റുകൾ വീഴ്ത്തി. 15 വിക്കറ്റുകൾ നേടിയ ബിജു നാരായണനാണ് ടീമിന്റെ സീസണിലെ ടോപ് വിക്കറ്റ് ടേക്കർ. സെമിക്കുമുമ്പ് കൃത്യമായി വിശ്രമം കിട്ടിയത് ആനന്ദ് ജോസഫിന് സെമിയിലും ഫൈനലിലും മികച്ച രീതിയിൽ പന്തെറിയാൻ തുണയായി. വമ്പനടികളുമായി തിളങ്ങിയ നിഖിൽ തോട്ടത്തിനും ടെന്നീസ് ബാൾ ക്രിക്കറ്റിന്റെ പരിചയവുമായെത്തി മികച്ച രീതിയിൽ പന്തെറിഞ്ഞ അബ്ദുൽ റമീസിനും ലഭിച്ച അവസരത്തിൽ നാലുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അർഷാദിനുമൊക്കെ തൃശൂരിന്റെ കിരീടവിജയത്തിൽ പങ്കുണ്ട്.
എസ്.സുനിൽ കുമാറായിരുന്നു ഇക്കുറി ടൈറ്റാൻസിന്റെ മുഖ്യ പരിശീലകൻ. സഹപരിശീലകരായി കെവിൻ ഓസ്കാറും സി.പി ഷാഹിദുമുണ്ട്. ഫീൽഡിംഗ് കോച്ചായി ബാജി മണികണ്ഠൻ. എസ്.രമേഷാണ് കൺസൾട്ടന്റ് ഡയറക്ടർ. വെറ്ററൻസ് താരം കൂടിയായ സജ്ജാദ് സേട്ടാണ് ടീമുടമ. മാനേജരായി കെ.ഹരികൃഷ്ണൻ സംഘത്തിനൊപ്പമുണ്ട്.
ടൈറ്റൻസ് സ്ക്വാഡ് : അഖിൽ എം. എസ് (ക്യാപ്ടൻ), അഹമ്മദ് ഇമ്രാൻ, രോഹിത് കെ. ആർ, ഷോൺ റോജർ, നിഖിൽ തോട്ടത്ത്, അർജുൻ എ.കെ, സഞ്ജീവ്, മാനവ് കൃഷ്ണ , മുഹമ്മദ് ഇനാൻ, നെസൽ.പി, അബ്ദുൽ റമീസ്.പി, ബിജു നാരായണൻ, ആദിത്യ വിനോദ്, ആസിഫ് സലാം, മുഹമ്മദ് ഇർഷാദ്, പ്രസൂൺ പ്രസാദ്, ആനന്ദ്ജോസഫ്, ശരത് ചന്ദ്ര പ്രസാദ്, ഷാരോൺ എസ്. എസ്, അമേയ് മനോജ്.
ടൈറ്റാൻസ് ഫൈനലിലെത്തിയത് ഇതാദ്യം. ആദ്യ രണ്ട് സീസണിലും ടൈറ്റാൻസിനെ സെമിയിൽ തോൽപ്പിച്ചത് കൊല്ലം സെയ്‌ലേഴ്സ്.
കെ.സി.എല്ലിന്റെ ഈ സീസൺ ആരംഭിച്ചത് തൃശൂർ ടൈറ്റാൻസ് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ചത് കണ്ടാണ്. സീസൺ അവസാനിച്ചത് ടൈറ്റാൻസിന്റെ നാലുവിക്കറ്റ് വിജയത്തോടെ. സീസണിൽ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും തൃശൂർ കാലിക്കറ്റിനെ ചേസ് ചെയ്ത് തോൽപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |