
റിയാദ്: സൗദി അറേബ്യയിൽ ഹൂതി വിമതർ നടത്തിവരുന്ന ആക്രമണത്തിന് ശമനമില്ല. സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ദഹ്റാനിലെ ആസ്ഥാനത്തിനുനേരെ നടത്തിയ ആക്രമണത്തിനു പിന്നാലെ കൂടുതൽ എണ്ണകേന്ദ്രങ്ങളും വിമാനത്താവളങ്ങളും തകർക്കുമെന്ന് ഭീഷണി മുഴക്കി. ഹൂതി കേന്ദ്രങ്ങൾക്കുനേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ആക്രമണം ശക്തമാക്കി. അതിനിടെ ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെടിനിറുത്തലിനായി മദ്ധ്യസ്ഥശ്രമം നടത്തുന്നുണ്ടെന്ന് ഹൂതി നേതാവ് മുഹമ്മദ് അൽ ബുഖൈതി അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന കെട്ടിടം നശിച്ചു. കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചോയെന്നതുൾപ്പെടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതിനിടെ റിയാദിന് നേരെ തൊടുത്ത രണ്ട് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്കേറ്റു. 15 വീടുകൾക്ക് കേടുപാടുണ്ടായി. യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള സനായിലും ചെങ്കടൽ തീരത്തെ ഹുദൈദയിലും സഖ്യസേന ആക്രമണം നടത്തി. പിന്നാലെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം 17 വരെ അടച്ചിട്ടു. വിമാനക്കമ്പനികൾ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മലയാളിയടക്കം 4 ഇന്ത്യക്കാർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് എംബസി അറിയിച്ചു. പാലക്കാട് പൊരിയംകുളം അഹമ്മദ്കുട്ടിയുടെയും ബദറുന്നീസയുടെയും മകൻ മുഹമ്മദ് റബാനിക്കാണ് (29) പരിക്കേറ്റത്.
ഏറ്റവും വലിയ
എണ്ണക്കമ്പനി
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. എണ്ണ ഉത്പാദനം, ശുദ്ധീകരണം, പൈപ്പ്ലൈനുകൾ, കയറ്റുമതി എന്നിവയുടെ പ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്നു. കമ്പനിയുടെ കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണം ആഗോള എണ്ണവിപണിയെയും ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്. കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള വിദേശ ജീവനക്കാരുടെ സുരക്ഷയും പ്രവാസികൾക്കിടയിൽ ആശങ്കയുയർത്തുന്നു.
ഉപരോധം
ശക്തം
യെമനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസിനെ ഹൂതി വിമതർ വളഞ്ഞതോടെ ജനങ്ങൾ ഭീതിയിൽ. കഴിഞ്ഞ നാലിന് പട്ടണം പിടിച്ചെടുത്ത വിമതർ നഗരത്തിലേക്കുള്ള വിതരണപാതകൾ പലതും തടഞ്ഞു. പത്തുലക്ഷത്തിലേറെ ആളുകൾ താമസിക്കുന്ന ഇവിടെ ഭക്ഷ്യവസ്തുക്കളടക്കമുള്ളവയ്ക്ക് ക്ഷാമമാണ്. നിരവധി പേർ പലായനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |