
ബോച്ചും: ജർമ്മനിയിലെ ബോച്ചുമിൽ ബഹുനില അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അഞ്ജലി ഷീല ജോയി (ചാമക്കാട്, കൊല്ലം), നോവ സാബു (ഇടുക്കി കട്ടപ്പന), സിവിൻ ജോണി (കാലടി) എന്നിവരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൽ താമസിക്കുന്ന 41കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ റൊമാനിയൻ പൗരനാണ്.
രണ്ടാഴ്ച മുൻപാണ് ഇവർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള അപ്പാർട്മെന്റിൽ പുതുതായി താമസത്തിനെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെയായിരുന്നു അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയ്ക്ക് പടിക്കെട്ടിൽ തീയും പുകയും നിറഞ്ഞതിനാൽ മുകളിലെ നിലകളിലേക്ക് ആദ്യം പ്രവേശിക്കാനായില്ല. തുടർന്ന് ഏണികൾ ഉപയോഗിച്ച് നാലുപേരെ രക്ഷപ്പെടുത്തി. മറ്റൊരാൾ കെട്ടിടത്തിൽനിന്ന് ചാടി എയർ കുഷനിൽ വീണാണ് രക്ഷപ്പെട്ടത്. പിന്നീട് രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കെട്ടിടത്തിലെ സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന സാദ്ധ്യത അന്വേഷണസംഘം തള്ളി. തീവയ്പാണോയെന്ന് പരിശോധിച്ചുവരികയാണ്. അതേസമയം, കെട്ടിടത്തിലെ താമസക്കാർ തമ്മിൽ തലേദിവസം തർക്കമുണ്ടായിരുന്നതായി പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |