SignIn
Kerala Kaumudi Online
Thursday, 15 October 2026 2.50 AM IST

തിരകൾ മായ്ക്കാത്ത 4,700 വർഷം പഴക്കമുള്ള കപ്പൽക്കഥ പിരമിഡുകളുടെ കാലത്തെ കപ്പൽച്ചേതം തുർക്കി തീരത്ത്

s

4,700 വർഷത്തോളം കടലിന്റെ ആഴങ്ങളിൽ നിശബ്ദമായി ഉറങ്ങിക്കിടന്നൊരു കപ്പൽ. അതിലുണ്ടായിരുന്ന മനുഷ്യരും അവർ സഞ്ചരിച്ച വഴികളും ചരക്കുകളുമെല്ലാം കാലത്തിന്റെ മറവിലേക്ക് മാഞ്ഞുപോയി. പക്ഷേ, കപ്പലിനൊപ്പം കടലിന്റെ അടിത്തട്ടിൽ ശേഷിച്ച കളിമൺ പാത്രങ്ങൾ ചരിത്രത്തിലേക്കുള്ള വാതിൽ തുറക്കുകയാണ്. തുർക്കി തീരത്ത് കണ്ടെത്തിയ ഈ കപ്പൽച്ചേതത്തിന് 4,400 മുതൽ 4,700 വർഷം വരെ പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ളത്.

ഈജിപ്റ്റിൽ പിരമിഡുകൾ ഉയർന്നുതുടങ്ങിയ കാലം. വെങ്കലയുഗത്തിന്റെ തുടക്കത്തിൽ മെഡിറ്ററേനിയൻ കടലിലൂടെ ചരക്കുകളുമായി സഞ്ചരിച്ചിരുന്ന കപ്പലാണ് ചരിത്രത്തിന്റെ ഭാഗമായത്. തുർക്കിയിലെ അക്‌ദെനിസ് സർവകലാശാലയിലെ പ്രൊഫസർ ഹക്കാൻ ഒനിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്റാല്യയിലെ കെക്കോവ ദ്വീപിനടുത്ത് 30 മീറ്ററോളം ആഴത്തിൽ കിടന്നിരുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പത്തുമീറ്ററിലധികം നീളമുണ്ടായിരുന്ന കപ്പലിന്റെ തടിഭാഗങ്ങൾ കാലക്രമേണ ദ്രവിച്ചുപോയി. എന്നാൽ അതിനുള്ളിലുണ്ടായിരുന്ന മുപ്പതോളം കളിമൺ പാത്രങ്ങളും മൂന്ന് കൽനങ്കൂരങ്ങളും കടലിനടിയിൽ അവശേഷിച്ചു. പാത്രങ്ങളുടെ രൂപവും ചിത്രപ്പണികളും പരിശോധിച്ചാണ് കാലപ്പഴക്കം നിർണയിച്ചത്. ഈജിപ്റ്റിലും പശ്ചിമേഷ്യയിലും അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ട്.

കപ്പലിൽ എന്തൊക്കെയുണ്ടായിരുന്നു? എവിടെനിന്നാണ് യാത്ര തുടങ്ങിയത്? എങ്ങോട്ടായിരുന്നു ലക്ഷ്യം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയാണ് ഗവേഷകർ. ഒലിവ് ഓയിലും ഉണക്കമുന്തിരിയും ഉൾപ്പെടെയുള്ള ചരക്കുകൾ കപ്പലിലുണ്ടായിരുന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പുരാതന നഗരങ്ങളായ ട്രോയിയിലേക്കോ ക്രീറ്റിലേക്കോ ചരക്കുകൾ കൊണ്ടുപോയതാകാമെന്നും കരുതുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360