SignIn
Kerala Kaumudi Online
Tuesday, 07 April 2026 6.18 PM IST

സ്വന്തം വീട്ടിൽ മോഷണം നടത്തിയ സംഭവം, മോഷണ നാടകം നടത്തിയത് ഭാര്യ അറിയാതെ മകളുടെ കൊലുസ് പണയംവച്ചത് മറയ്‌ക്കാൻ

Increase Font Size Decrease Font Size Print Page
1

വിഴിഞ്ഞം: ഭാര്യ അറിയാതെ മകളുടെ സ്വർണക്കൊലുസ് പണയംവച്ചത് കണ്ടെത്താതിരിക്കാൻ മനോജ് നടത്തിയ നാടകമാണ് കഴിഞ്ഞ ദിവസം പൊലീസ് പൊളിച്ചത്. സ്വന്തം വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ വെങ്ങാനൂർ നീലകേശി റോഡിൽ ആദിത്യൻ ഹൗസിൽ മനോജാണ് (38) അറസ്റ്റിലായത്.

ആളില്ലാത്ത സമയം വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴുപവൻ സ്വർണവും 15,000 രൂപയും മോഷണം പോയെന്നാണ് മനോജ് പൊലീസിനെ വിളിച്ചറിയിച്ചത്. സംഭവമറിഞ്ഞ് വീട്ടിലെത്തി പരിശോധന നടത്തിയ വിഴിഞ്ഞം പൊലീസിന് കള്ളൻ വീട്ടിൽ തന്നെയുണ്ടെന്ന് മനസിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പരാതിക്കാരൻ തന്നെ മോഷണം നടത്തിയതായി സമ്മതിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്

പരാതി ലഭിച്ചയുടൻ വീട്ടിലെത്തി പരിശോധന നടത്തി. ഹാളിലെ ജനൽക്കമ്പികൾ മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് ഇയാൾ പറഞ്ഞെങ്കിലും ജനൽക്കമ്പികൾ മുറിച്ചത് അകത്തു നിന്നാണെന്ന് പൊലീസ് കണ്ടെത്തി.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ജനൽച്ചില്ലുകൾ പുറത്തുനിന്നു പൊട്ടിച്ചിരുന്നു. സമീപത്തെ വീട്ടിൽ ജോലികൾ നടക്കുന്നതിനാൽ ഇരുമ്പ് കട്ടർ അവിടെ ഉണ്ടാകുമെന്നറിഞ്ഞ പ്രതി അത് ഉപയോഗിച്ച് ജനൽക്കമ്പികൾ മുറിച്ചു മാറ്റുകയായിരുന്നു. ഇരുമ്പിന്റെ പൊടികൾ വീട്ടിൽ തന്നെയായിരുന്നതാണ് വീട്ടുകാരെ സംശയിക്കാൻ കാരണം. അടുക്കള വാതിൽ തുറന്നിട്ടത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. പ്രതിയെ സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് വീട്ടിലും അന്വേഷണം നടത്തി.

സംഭവസമയം പ്രതി ധരിച്ചിരുന്ന ഷർട്ടിൽ ഇരുമ്പ് മുറിച്ചപ്പോഴുള്ള പൊടികളുമുണ്ടായിരുന്നു. അലമാരയിൽ നിന്ന് രണ്ട് കമ്മൽ,ഒരു വള,ഒരു മോതിരം,ഒരു കൊലുസ് എന്നിവയാണെടുത്തത്. മോഷണം പോയ ആഭരണങ്ങൾക്കൊപ്പം വച്ചിരുന്ന മുക്കുപണ്ടം അലമാരയിൽ ഉണ്ടായിരുന്നതും പൊലീസിൽ സംശയമുണ്ടാക്കി. പ്രതിയുടെ നഖത്തിനിടയിൽ നിന്നും ഇരുമ്പിന്റെ അംശവും പൊലീസ് കണ്ടെത്തി. തെളിവുകൾ നിരത്തി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെ വീട്ടിലെ പെട്ടിയിൽ ഒളിപ്പിച്ചിരുന്ന സ്വർണവും കണ്ടെത്തി.

കവർച്ചാനാടകം നടത്തിയ ശേഷം ഓട്ടോ ഓടിക്കാൻ പോയ പ്രതി രാത്രി ഭാര്യയുമൊത്ത് മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിഞ്ഞതായി ഭാവിച്ചത്. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിൽ ചൊവ്വാഴ്ച വിരലടയാള വിദഗ്ദ്ധർ,ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി.റെജിരാജ്, എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ റിമാൻഡ് ചെയ്‌തു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.