SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.38 AM IST

പോണേക്കരയിലെ പ്രാകൃതപീ‌ഡനം മുഖ്യപ്രതി ഒളിവിൽത്തന്നെ; അന്വേഷണം ഊ‌ർജിതമാക്കി

police

കൊച്ചി: എറണാകുളം പോണേക്കരയിൽ 34കാരനെ ബന്ദിയാക്കി ക്രൂരമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. പോണേക്കര സ്വദേശിയായ ജോസഫ് ജോജുവിനായാണ് അന്വേഷണം. ഇയാളുടെ ഫോണുകൾ സ്വിച്ച് ഓഫാണ്. പ്രതി ജില്ല വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ അറസ്റ്റിലായ പോണേക്കര സ്വദേശികളായ സെജിൻ (35), അമൽഷാ (35) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ചയാണ് ഇരുവരെയും എളമക്കര പൊലീസ് അറസ്റ്റുചെയ്തത്.

പോണേക്കര സ്വദേശിയായ 34കാരനാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാൾ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് ഇയാളെ ഒഴിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. താമസം മാറേണ്ടിവന്നയാളുടെ സുഹൃത്തുക്കളാണ് യുവാവിനെ ആക്രമിച്ചത്.

ഒരിടംവരെ പോകാമെന്ന് വിശ്വസിപ്പിച്ച് ജോസഫ് ജോജു യുവാവിനെ സ്‌കൂട്ടറിൽ സെജിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് കസേരയിൽ കെട്ടിയിട്ട് കൈകാലുകളിൽ ചട്ടുകംകൊണ്ട് പൊള്ളിച്ചു. ചട്ടുകം ചൂടാറുന്നതുവരെ പൊള്ളിക്കുന്നത് തുടർന്നതായും പരാതിയിൽ പറയുന്നു. ഇതിനുശേഷം പ്രതികളിലൊരാളുടെ ബെൽറ്റ് യുവാവിന്റെ കഴുത്തിൽ മുറുക്കി നായയെപ്പോലെ നടത്തിച്ചു. രണ്ട് മണിക്കൂറോളം നീണ്ട പീഡനത്തിനുശേഷം അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ശനിയാഴ്ച രാത്രിയാണ് യുവാവ് എളമക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. വാടകയ്ക്ക് താമസിച്ചിരുന്നയാളെ കേസിൽ നിലവിൽ പ്രതിചേർത്തിട്ടില്ല. ഇയാൾ അക്രമത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY