
ഇരിട്ടി (കണ്ണൂർ): പത്ത് ദിവസമായി തുടരുന്ന ദുരൂഹതയ്ക്ക് പരിഹാരം കാണാൻ വാണിയപ്പാറയിലെ കല്ലറ ഇന്ന് തുറക്കും. അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ 38ാം നമ്പർ കല്ലറ ശാസ്ത്രീയ പരിശോധനയ്ക്കായി തുറക്കാൻ തലശ്ശേരി ആർ.ഡി.ഒ അനുമതി നൽകി. ആർ.ഡി.ഒ ഉൾപ്പെടെയുള്ള റവന്യു അധികൃതരുടെയും ഫോറൻസിക് വിദഗ്ധരുടെയും സാന്നിദ്ധ്യത്തിലാവും പരിശോധന.
കല്ലറയ്ക്കുള്ളിൽ പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ട മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തു എന്താണെന്ന് ഉറപ്പിക്കുന്നതിനാണ് കല്ലറ തുറക്കുന്നത്. അത് മൃതദേഹമാണെങ്കിൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വേണ്ടിവരും. മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനയും നടത്തും.
ഈ മാസം 13ന് മറ്റൊരു മൃതദേഹം അടക്കം ചെയ്യാൻ കല്ലറ തുറന്നപ്പോഴാണ് ഒരു ശവപ്പെട്ടിയോട് ചേർന്ന്, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ മൃതദേഹ സദൃശ്യ വസ്തു കണ്ടത്. 2006ൽ മരിച്ച റോസമ്മയെയും 2015ൽ മരിച്ച ജെയ്സൺ കുമ്പൂക്കലിനെയും മാത്രം അടക്കിയ കല്ലറയിൽ ഈ മൂന്നാമത്തെ വസ്തു എങ്ങനെ വന്നെന്ന ചോദ്യം ആശങ്ക പടർത്തി. പള്ളി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
ക്രിസ്ത്യൻ ആചാരപ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്‌കരിക്കാറില്ല. 2015ൽ ജെയ്സൺ കുമ്പൂക്കലിനെ ശവപ്പെട്ടിയിൽ തന്നെ അടക്കം ചെയ്തതായും, ആ സമയത്ത് കല്ലറ അറക്കപ്പൊടിയും മണലും ഇട്ട് വൃത്തിയാക്കിയശേഷം വെള്ളത്തുണി വിരിച്ചെന്നും ജെയ്സൺന്റെ ബന്ധുക്കൾ ഇടവക വികാരിയെ അറിയിച്ചതോടെ ദുരൂഹത വർദ്ധിച്ചു. സംസ്‌കാരസമയത്ത് കല്ലറയിൽ മൂന്നാമതൊരു വസ്തുവും ഉണ്ടായിരുന്നില്ല.
കരിക്കോട്ടക്കരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈ.എസ്.പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി ഇൻസ്‌പെക്ടർ എൻ. പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് തീരുമാനമായത്.
ആശങ്ക പടർത്തി, കാണാതായ സിജോ
12 വർഷമായി കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ ബന്ധുക്കൾ മൃതദേഹം സിജോയുടേതാകാൻ സാദ്ധ്യതയുണ്ടെന്ന സംശയം ഉന്നയിച്ചിട്ടുണ്ട്. 2014ൽ ഭാര്യവീടായ വാണിയപ്പാറയിൽ നിന്ന് കടയിലേക്ക് പോകുന്നുവെന്നു പറഞ്ഞ് ഇറങ്ങിയ സിജോ തിരിച്ചെത്തിയില്ല . കല്ലറയിൽ രണ്ടാമത്തെയാളുടെ അടക്കം നടക്കുന്നതിനു മാസങ്ങൾക്കുമുമ്പാണ് സിജോയെ കാണാതായത്. പള്ളി സ്ഥിതിചെയ്യുന്ന വാണിയപ്പാറയിൽ വച്ചാണ് സിജോയെ കാണാതായതും. ഇതാണ് ബന്ധുക്കളിൽ സംശയം ഉയർത്തിയത്.
കല്ലറയിലേത് തന്റെ ഭർത്താവിന്റേതാകാൻ സാദ്ധ്യതയില്ലെന്ന് സിജോയുടെ ഭാര്യ നിഖില പറയുന്നത്. 'ആളില്ലാതായിട്ട് 12 വർഷമായി. അത് ഭർത്താവല്ലെന്നാണ് എന്റെ വിശ്വാസം. സിജോക്ക് ആരുമായും ശത്രുതയില്ലായിരുന്നു." നിഖില പറഞ്ഞു. എന്നാൽ, ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന ആവശ്യത്തിലാണ് നിഖിലയും സഹോദരൻ ബിനോയിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |