വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്‌ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വർണം തട്ടിയെടുത്ത സിന്ധുകുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നരക്കോടിയുടെ ഇടപാട് നടന്നതായി പൊലീസ്.
ഒരു ദേശസാത്കൃത ബാങ്കിലെ നാല് അക്കൗണ്ടുകൾ ഉൾപ്പെടെ ഇവർക്ക് ആറ് അക്കൗണ്ടുകളാണുള്ളത്. മറ്റ് അക്കൗണ്ടുകൾ വരും ദിവസങ്ങളിൽ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോണുകളും വിശദമായി പരിശോധിക്കും. പ്രതിക്കെതിരെ ഇന്നലെ ഫോണിലൂടെ പരാതികൾ പറഞ്ഞവരോട് നേരിട്ട് പരാതി നൽകാൻ പൊലീസ് പറഞ്ഞിട്ടുണ്ട്. നിലവിൽ 17ലധികം പരാതികളാണ് ലഭിച്ചതെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.
ഇതുവരെ ഏകദേശം 175ലധികം പവൻ സ്വർണത്തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. സ്വർണം കൂടാതെ വസ്തുവിന്റെ ആധാരം കൈക്കലാക്കിയും സിന്ധുകുമാരി വായ്പാ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ട്. സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28),വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32)എന്നിവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. റിമാൻഡിലുള്ള സിന്ധുകുമാരിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താൻ അടുത്തയാഴ്ച പൊലീസ് അപേക്ഷ നൽകും.
അന്വേഷണം ശക്തമാക്കും
പ്രതിക്ക് തട്ടിപ്പ് നടത്താൻ പുറമേ നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. ബാങ്ക് ഇടപാടുകളുടെ രേഖകൾ വിശദമായി പരിശോധിക്കും. ഇവരോട് അടുപ്പമുള്ള മറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്കും അന്വേഷണം നീണ്ടേക്കുമെന്നാണ് വിവരം. കോടികളുടെ ഇടപാട് നടന്നതിനാൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക തട്ടിപ്പിനൊപ്പം ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |