
നെടുമങ്ങാട് : കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി -2 ഇടക്കാല ജാമ്യം അനുവദിച്ചു. 13 ന് വൈകിട്ട് അഞ്ച് മുതൽ 14ന് രാത്രി 9 വരെയാണ് ഇടക്കാല ജാമ്യം.
14ന് രാവിലെ 11നും 11.30നും ഇടയിലുള്ള സമയത്ത് കോർപ്പറേഷനിലെത്തി സത്യപ്രതിജ്ഞ ചെയ്യാനാണ് കോടതിയുടെ അനുമതി. എന്നാൽ കാപ്പ കേസിൽ ഹൈക്കോടതി കൂടി സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയാൽ മാത്രമേ സുഗതന് ജയിലിൽ നിന്നുപുറത്തിറങ്ങാനാകൂ. നെടുമങ്ങാട് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ ഇളവു തേടി സുഗതന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
14ന് രാവിലെ 11നും 11.30നും ഇടയിൽ കോർപ്പറേഷനിലെത്താമെന്ന് ജാമ്യ വ്യവസ്ഥയിലുണ്ടെങ്കിലും മറ്റൊന്നിലും പങ്കെടുക്കാൻ അനുവാദമില്ല. അന്നു രാത്രി 9ന് തന്നെ തിരികെ ജയിലിൽ എത്തണമെന്ന് മജിസ്ട്രേട്ട് അക്ഷയ പി.ആർ ജാമ്യ വ്യവസ്ഥയിൽ പറഞ്ഞു. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി ഇടക്കാല ജാമ്യം നൽകിയത്. പ്രതിഭാഗത്തിനായി അഡ്വ.എസ്.കെ.രഞ്ജു ഭാസ്കർ ഹാജരായി.
ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. മൂന്നു കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും അംഗത്വം നഷ്ടപ്പെടാം. ഇതിൽ ആദ്യത്തേതിലാണ് താത്കാലിക ആശ്വാസമാകുന്നത്.വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. നേരത്തെ, ദൈവങ്ങളുടെ പേരുപറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്ത സുഗതനുൾപ്പടെ ബി.ജെ.പിയുടെ 20 കൗൺസിലർമാരുടെ അംഗത്വം ഹൈക്കോടതി റദ്ദാക്കിയിരുന്നു.നിയമം അനുശാസിക്കുന്ന വിധത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു കോടതി നിർദേശം.ഇതേതുടർന്ന് 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ജയിലിലായതിനാൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം തേടി സുഗതൻ നെടുമങ്ങാട് കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |