കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പരാതിയിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം മനു മത്തായിക്കെതിരെ തെന്മല പൊലീസ് കേസെടുത്തു. വാഹന പരിശോധനയ്ക്കിടെ റോഡിന് നടുവിൽ വാഹനം നിറുത്തിയത് മാറ്റിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്.
വ്യാഴാഴ്ച രാത്രി 8.40ഓടെയാണ് സംഭവം. എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം വാഹനം നിറുത്തിയതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടു. ഇതോടെ മനു മത്തായി ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സൈസ് സംഘം പകർത്തിയിരുന്നു.
അതേസമയം, ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തനിക്കെതിരെ മദ്യപിച്ചെന്ന ആരോപണം ഉന്നയിച്ചതെന്ന് മനു മത്തായി ആരോപിച്ചു. ഇന്നലെ എക്സൈസ് തുടർന്ന് ഇൻസ്പെക്ടർ വൈശാഖ്.വി.പിള്ളയുടെ മൊഴി രേഖപ്പെടുത്തിയ തെന്മല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എസ്.ഐ എം.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |