
കോഴിക്കോട്: എസ്.ഐ ചമഞ്ഞ് ലഹരിവിൽപ്പനക്കാരിൽ നിന്ന് പണവും ലഹരിവസ്തുക്കളും തട്ടിയെടുത്ത് മറിച്ചുവിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഫറോക്ക് കള്ളിത്തൊടി സ്വദേശി റോജിത്തിനെ (41) ആണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വൈദ്യരങ്ങാടിയിലെ വാടകക്കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ഡാൻസാഫിന്റെ പേരുപറഞ്ഞ് ലഹരി വിൽപ്പനക്കാരെ കണ്ടെത്തി അവരിൽനിന്ന് പണവും ലഹരിയും തട്ടിയെടുത്ത് ഇയാൾ മറിച്ചുവിൽക്കുകയായിരുന്നു. 2.5 ഗ്രാം എം.ഡി.എം.എയും ലഹരിവിൽപ്പനയിൽ ലഭിച്ച 40,000 രൂപയും പിടിച്ചെടുത്തു. മൂന്ന് വ്യാജ പൊലീസ് ഐഡി കാർഡുകൾ, എയർ പിസ്റ്റൾ, ഹാൻഡ് കഫ്, പൊലീസ് യൂണിഫോമിലുള്ള ഫോട്ടോകൾ, ലഹരി ഉപയോഗത്തിനുള്ള ഗ്ലാസ് ട്യൂബുകൾ, മൊബൈൽ ഫോണുകൾ, പ്രിന്റർ എന്നിവയും കണ്ടെടുത്തു. വ്യാജ പൊലീസായി പണം തട്ടുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസി.കമ്മിഷണർ പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും ഫറോക്ക് എസ്.ഐ ഇ. റനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നായിരുന്നു പരിശോധന. കോഴിക്കോട് ജെ.സി.എം രണ്ടാംകോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |