
ന്യൂഡൽഹി: ഒരുവശത്ത് ഏപ്രിൽ മൂന്നാം വാരത്തിനുശേഷം നടക്കുമെന്ന് കരുതിയ വോട്ടെടുപ്പ് തീയതി നേരത്തെ വന്നതുമൂലമുണ്ടായ സമ്മർദ്ദം. മറുവശത്ത് കെ. സുധാകരന്റേതടക്കം അവിചാരിത തർക്കങ്ങൾ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലുണ്ടാക്കിയ പ്രതിസന്ധി. ഡൽഹിയിലെ കോൺഗ്രസ് കേന്ദ്രങ്ങൾ ഇന്നലെയും പിരിമുറുക്കത്തിലായിരുന്നു.
ചൊവ്വാഴ്‌ച തീർക്കാമെന്ന് കരുതിയ ചർച്ചകൾ ഇന്നലെ രാത്രി വരെ നീണ്ടതോടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും വൈകി. എം.പിമാർ മത്സരിക്കേണ്ടെന്ന തിട്ടൂരം തള്ളിയ കെ.സുധാകരന്റെ നിലപാടാണ് കോൺഗ്രസിനെ കുഴക്കിയത്. ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങൾ ചെറുത്ത സുധാകരൻ, ഇന്നലെ മാദ്ധ്യമങ്ങളെ കാണുമെന്നറിയിച്ചിരുന്നു.
കെ.സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല നടത്തിയ ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ ചൊവ്വാഴ്‌ച രാത്രി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും അദ്ദേഹത്തെ സന്ദർശിച്ചു. നിലപാട് മാറ്റാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും വാർത്താസമ്മേളനം മാറ്റിവയ്‌പ്പിക്കാൻ കഴിഞ്ഞത് നേതൃത്വത്തിന് ആശ്വാസമായി. രാവിലെ എം.കെ.രാഘവൻ എം.പിയും സുധാകരനെ കണ്ടിരുന്നു. പത്തോളം സീറ്റുകളിൽ ഒന്നിലധികം പേരുകൾ ഉയർന്നതും ചർച്ചകൾ നീളാൻ കാരണമായി. ഇതിനായി രാവിലെ ചേരാനിരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വൈകിട്ടത്തേക്ക് മാറ്റി.
കേരള നേതാക്കൾ താമസിക്കുന്ന കേരളാ ഹൗസ്, പുതിയ പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവൻ, അക്ബർ റോഡിലെ പഴയ ഓഫീസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ ചർച്ചകൾ. വൈകിട്ട് 4ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടക്കുന്നതിനാൽ ഉച്ചയ്‌ക്കുശേഷം നേതാക്കൾ ഇന്ദിരാഭവനിലെത്തി. അസാമിന്റെ പട്ടികയാണ് ആദ്യമെടുത്തത്. തുടർന്ന് പുതുച്ചേരിക്കും ശേഷമാണ് കേരള പട്ടികയിൽ ചർച്ച തുടങ്ങിയത്. അതിനാൽ പ്രഖ്യാപനവും വൈകി. മണ്ഡലങ്ങളിലെ പ്രചാരണത്തിനായി സതീശനും സണ്ണി ജോസഫിനും ഇന്ന് നാട്ടിൽ തിരിച്ചെത്തേണ്ടതുണ്ട്.
പ്രതീക്ഷയോടെ എൽദോസ്
ലൈംഗികാരോപണത്തിൽ കുടുങ്ങിയ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഇന്നലെ ഡൽഹിയിൽ സജീവമായുണ്ടായിരുന്നു. എന്നാൽ എൽദോസിന് നേതാക്കൾ വേണ്ട പരിഗണന നൽകിയില്ല. ഇക്കുറി ഡൽഹി കേരളാഹൗസിൽ സ്ഥാനാർത്ഥി മോഹികളുടെ തിക്കും തിരക്കുമില്ലാതിരുന്നു.
മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു: എം.കെ. രാഘവൻ
കോൺഗ്രസിന് കോഴിക്കോട് ജില്ലയിൽ സീറ്റ് കൂട്ടാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നോട് മത്സരിക്കണമെന്ന് സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ആവശ്യപ്പെട്ടെന്ന് കോഴിക്കോട് എം.പി എം.കെ. രാഘവൻ. നിയമസഭയിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു രാഘവൻ. തോൽക്കുന്ന സീറ്റിൽ മത്സരിച്ച്നിയമസഭയിൽ സീറ്റ് കൂട്ടാനാണ് ആവശ്യപ്പെട്ടത്. എം.പിമാർ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. തന്റെ ലോക്സഭാംഗത്വം പൂർത്തിയാകാൻ ഇനിയും സമയമുള്ളതിനാൽ നിയമസഭയിൽ സീറ്റ് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല. ജയസാദ്ധ്യതയുള്ളവർക്ക് സീറ്റ് നൽകണമെന്നതാണ് തന്റെ നിലപാട്. കോഴിക്കോട്ടെ 13 സീറ്റിലും യു.ഡി.എഫ് സ്ഥാനാർഥികളെ ജയിപ്പിക്കലാണ് ലക്ഷ്യം.
എം.പിമാർ മത്സരിക്കേണ്ട: ഉണ്ണിത്താൻ
സിറ്റിംഗ് എംപിമാർ മത്സരിക്കുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കാസർകോട് ലോക്സഭാ എം.പി രാജ്മോഹൻ ഉണ്ണിത്താൻ. കെ.സുധാകന് മത്സരിക്കാൻ ഇളവു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾക്ക് ഇളവ് നൽകിയാൽ അത് മറ്റുള്ളവർക്കും പ്രോത്സാഹനമാകും. താൻ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. തന്റെ നിലപാട് ഇതായതിനാൽ കെ.സുധാകരനുമായി സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് എന്നെ കാണുന്നത് ചതുർത്ഥി പോലെയാകും. തന്നെയും പാർട്ടിയെയും ദ്റോഹിച്ച ആളെ തൃക്കരിപ്പൂർ സ്ഥാനാർത്ഥിയാക്കിയാൽ തിരിച്ചടിയാകുമെന്ന് ബാലകൃഷ്ണൻ പെരിയയുടെ പേര് ചർച്ചയായത് ചൂണ്ടിക്കാട്ടി ഉണ്ണിത്താൻ പ്രതികരിച്ചു. ഇതേ തുടർന്ന് തൃക്കരിപ്പൂരിൽ ബി.ജെ.പിയിൽ നിന്ന് വന്ന സന്ദീപ് വാര്യരെ പരിഗണിക്കുന്നതായാണ് വാർത്തകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |