SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

തിരക്ക് നിയന്ത്രിക്കാൻ ശബരിമല  എ.ഐ സംവിധാനത്തിലേക്ക് ,​ പമ്പ ശുചീകരിക്കും

1

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതിയ ക്രൗഡ് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കാൻ ദേവസ്വം മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. എ.ഐ സാങ്കേതികവിദ്യയും ക്യാമറകളും ഉപയോഗിച്ച് പൊലീസ് തിരക്ക് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. പരീക്ഷണാടിസ്ഥാനത്തിൽ മേജർ കൺട്രോൾ റൂം സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സുഗമവും സുരക്ഷിതവുമായ തീർത്ഥാടനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

അരവണ നിർമ്മാണത്തിന് രണ്ട് യന്ത്രങ്ങൾ സജ്ജമാക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ അറിയിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കും. ദേവസ്വത്തിന്റെ കീഴിലുള്ള ചാലക്കയം- പമ്പ റോഡിന്റെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കും. പമ്പ ശുചീകരിക്കും. സന്നിധാനത്ത് ശുചിത്വ മിഷന്റെ സഹകരണത്തോടെ ത്രീ ബിൻ സംവിധാനം നടപ്പാക്കും. ശുദ്ധമായ കുടിവെള്ളം ജലവിഭവ വകുപ്പ് ഉറപ്പാക്കും.

കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പഴകുളം മധു, കെ.യു.ജെനിഷ് കുമാർ, സി.വി.ശാന്തകുമാർ, ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വിവിധ വകുപ്പ് മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 സാധനങ്ങൾ പമ്പയിൽ കൈമാറണം

ശബരിമലയിലേക്കുള്ള സാധനങ്ങൾ കരാറുകാർ പമ്പയിൽ എത്തിച്ച് ദേവസ്വം ബോർഡിന് കൈമാറണം. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് ശേഷം ദേവസ്വം ബോർഡ് നേരിട്ട് സന്നിധാനത്ത് എത്തിക്കും.ടെൻഡർ വ്യവസ്ഥകളിൽ ഇതിനനുസരിച്ച് മാറ്റം വരുത്തി. ടെൻഡറിൽ പങ്കെടുക്കുന്നവർ സാധനങ്ങളുടെ സാമ്പിൾ ബോർഡിന് കൈമാറണം. ഇതു പരിശോധിച്ച ശേഷമേ ബോർഡ് കരാർ ഉറപ്പിക്കൂ. നെയ്യ് ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് ടെൻഡർ നടപടികളിൽ മാറ്റം വരുത്തിയത്. സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ രണ്ട് ട്രാക്ടറുകൾ കൂടി വാങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA