
കൊച്ചി: ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ മകൾ ആലിന്റെ പേര് ബ്രാൻഡ് ചെയ്യാൻ സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്ത കോടികൾ നിരസിച്ച് മാതാപിതാക്കളായ ഷെറിൻ ആൻ ജോണും അരുൺ എബ്രഹാമും. അതേസമയം, സപ്ലൈകോയുടെ നോട്ട്ബുക്കുകളിൽ ചിത്രം ഉപയോഗിക്കാൻ ഒരു രൂപപോലും കൈപ്പറ്റാതെ സമ്മതം നൽകി. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന 'ആലിൻ" ബ്രാൻഡ് നോട്ട്ബുക്കുകളുടെ പ്രകാശനച്ചടങ്ങിൽ പിതാവ് അരുൺ ഇക്കാര്യം വെളിപ്പെടുത്തി.
ഫെബ്രുവരി അഞ്ചിന് ശേഷം തങ്ങൾ മറ്റൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അരുൺ പറഞ്ഞു. ''മകളുടെ പേര് ബ്രാൻഡ് ചെയ്യാൻ നിരവധി സ്ഥാപനങ്ങൾ കോടികൾ വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നു. അതെല്ലാം നിരസിച്ചു. സപ്ലൈകോ സമീപിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല, സർക്കാരിനൊപ്പം നിൽക്കാൻ തീരുമാനിച്ചു"" -അരുൺ പറയുന്നു.
സർക്കാരിന്റെ ഔദ്യോഗിക ബ്രാൻഡായി മാറുന്നതിലൂടെ അവയവദാനത്തെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം എത്തിക്കാൻ സാധിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.
അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ആലിന്റെ ജീവിതകഥ സഹായിക്കുമെന്ന് നോട്ട്ബുക്ക് പ്രകാശനം ചെയ്ത മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിപണി ലക്ഷ്യമിട്ടല്ല, സാമൂഹികപ്രതിബദ്ധത മുൻനിറുത്തിയാണ് സപ്ലൈകോ ഈ ഉദ്യമം ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മേയർ വി.കെ. മിനിമോൾ എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ ആലിന്റെ മാതാപിതാക്കളെ ആദരിച്ചു. സപ്ലൈകോ മാർക്കറ്റിംഗ് വിഭാഗത്തിന്റെ ആശയത്തിന് ലോഗോയും കവർ ഡിസൈനുകളും നൽകി പൂർത്തീകരിച്ച തേവര എസ്.എച്ച് കോളേജിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു.
അഞ്ച് പരമ്പര ബുക്കുകൾ
14.50 രൂപ മുതൽ 37 രൂപ വരെയാണ് ആലിൻ നോട്ട്ബുക്കുകളുടെ വില. ചെറിയ കുട്ടികൾക്കായി അഞ്ച് ബുക്കുകളുടെ സീരീസായാണ് തയ്യാറാക്കിയത്. ഓരോ സീരീസിലും കുട്ടിക്കഥകളുണ്ട്. ഇത് മറ്റ് നാല് ബുക്കുകളിലുമായാണ് പൂർത്തിയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |