
കോഴിക്കോട്: ഗ്യാസിന് തീവില. പണം കൊടുത്താൽ കിട്ടാനുമില്ല. വിറകിനും വില പൊള്ളുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കോഴിക്കോട്ടെ 'ബഷീർക്കാന്റെ ഭക്ഷണശാലയിൽ" എത്തിയാൽ 30രൂപയ്ക്ക് വയറുനിറയുവോളം നെയ്‌ച്ചോറും കോഴിക്കറിയും കഴിക്കാം. ചോറും മീൻകറിയുമാണ് വേണ്ടതെങ്കിൽ അതും അതേവിലയിൽ കിട്ടും. ചിക്കൻ പൊരിച്ചതിന് 40രൂപയാണ് വില. കഴിഞ്ഞ എട്ടുവർഷമായി ദിവസം 700 പേർക്ക് ഉച്ചയൂണ് ഒരുക്കുകയാണ് ഈ 62കാരൻ. ആഴ്ചയിൽ ഏഴുദിവസവും തുറന്നുപ്രവർത്തിക്കും.
കോഴിക്കോട് ബീച്ച് റോഡിലാണ് മുഖദാറിലെ പി.വി. ഹൗസിൽ ബഷീർ.പി.വി എന്ന ബഷീർക്കാന്റെ കട. 'ലാഭമുണ്ടാക്കാനുള്ളതല്ല ചങ്ങായി ചോറുകൊടുക്കൽ. ജീവിക്കാൻ കാശുകിട്ടണം, വരുന്നവരുടെ വയറുനിറയണം. അവർക്കൊരു പരാതിയും ഉണ്ടാവരുത്..." ഇതാണ് ബഷീർക്കാന്റെ അന്നം മാജിക്കിന് പിന്നിലെ രഹസ്യം.
ചായയും പലഹാരങ്ങളും രാവിലെ തുടങ്ങും. നെയ്ച്ചോറും ചോറും ഉച്ചയ്ക്ക് ഒന്നരമുതൽ. കിലോയ്ക്ക് 72രൂപ വിലയുള്ള കയമ അരിയാണ് നെയ്‌ച്ചോറിന് ഉപയോഗിക്കുന്നത്. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചാൽ 'തിന്നാൻ വായകീറിയോർക്ക് വയറുനിറച്ച് കൊടുക്കാൻ പടച്ചോൻ പറഞ്ഞിട്ടുണ്ട്. ഞാനും ഭാര്യ റംലത്തും മോനും മാത്രമാണ് വീട്ടിൽ. എന്തിനാണ് ജീവിക്കാൻ ഒരുപാട് പണം. നഗരത്തിലായതിനാൽ വലിയ വാടകയാണ്. പണിക്ക് നിൽക്കുന്നോർക്ക് കൂലികൊടുത്താലും ഞങ്ങൾക്കുള്ളത് കിട്ടും. ഗ്യാസിന്റെ വിലയും കിട്ടനില്ലാത്തതുമെല്ലാം പ്രശ്‌നമാണ്. പക്ഷെ ഇവിടെ വരുന്നവരിൽ കൂടുതലും മക്കളും തൊഴിലാളികളുമാണ്. അവരുടെ വയറു വിശക്കരുത്..." എന്നാണ് മറുപടി.
എല്ലായിടത്തും ഓടിയെത്തും
ബഷീർക്കായ്ക്ക് എല്ലായിടത്തും തന്റെ കൈ തന്നെയെത്തണം. വയ്ക്കാനും പൊരിക്കാനും വിളമ്പാനും അങ്ങനെ എല്ലായിടത്തും. സഹായത്തിന് മകൻ അനസടക്കം അഞ്ചുപേരുണ്ടെങ്കിലും ആർക്കും ഒരു കുറവും വരരുതെന്ന് നിർബന്ധം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |