
കൊച്ചി: ചരക്കുനീക്കത്തിനുള്ള വൻകിട ബാർജുകളും യാത്രാബോട്ടുകളും നിർമ്മിക്കുന്ന കേന്ദ്രം മലബാർ സിമന്റ്സുമായി സഹകരിച്ച് കൊച്ചിയിൽ ആരംഭിക്കാനാണ് ടാറ്റഗ്രൂപ്പ് ലക്ഷ്യമിട്ടത്. 2025 ഫെബ്രുവരി 22ന് ഒപ്പിട്ട താത്പര്യപത്രം പ്രകാരം അഞ്ചുവർഷംകൊണ്ട് 500കോടിരൂപയുടെ നിക്ഷേപമായിരുന്നു വാഗ്ദാനം.
ടാറ്റഗ്രൂപ്പിന് കീഴിലെ ആഴ്‌സൺ എൻജിനിയറിംഗും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സും തമ്മിലാണ് വ്യവസായമന്ത്രിയായിരുന്ന പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ താത്പര്യപത്രം ഒപ്പുവച്ചത്. 20 മുതൽ 100 ടൺ വരെ ഭാരമുള്ള യാത്രാബോട്ടുകളും ചരക്ക് ബാർജുകളും നിർമ്മിക്കുകയായിരുന്നു ലക്ഷ്യം.
അസംസ്‌കൃത വസ്‌തുക്കൾ സൂക്ഷിക്കാൻ പോർട്ട് ട്രസ്റ്റിൽ നിന്ന് പാട്ടത്തിനെടുത്ത ഏഴേക്കർസ്ഥലം മലബാർ സിമന്റ്സിന്റെ പക്കലുണ്ട്. അവിടെ ബോട്ട് നിർമ്മാണകേന്ദ്രം ആരംഭിക്കാനാണ് പദ്ധതി. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കാനും തീരുമാനിച്ചിരുന്നു. തുടർനടപടികൾക്ക് ആറംഗ ഉദ്യോഗസ്ഥ സമിതിയേയും നിശ്ചയിച്ചിരുന്നു.
ആർട്‌സൺ എൻജിനിയറിംഗ് സി.ഇ.ഒയും ഡയറക്ടറുമായ ശശാങ്ക് ശേഖർ ഝായും മലബാർ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസും തമ്മിലാണ് താത്പര്യപത്രം ഒപ്പിട്ടത്.
കപ്പൽ നിർമ്മാണ പദ്ധതി
നിഷേധിച്ച് ടാറ്റ ഗ്രൂപ്പ്
കൊച്ചി: കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമ്മാണശാല ആരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ അവകാശവാദം ടാറ്റ ഗ്രൂപ്പ് തള്ളിയതായി ദേശീയ മാദ്ധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെവിടെയും ഷിപ്പ്‌യാർഡ് ആരംഭിക്കാൻ പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2047 ആകുമ്പോൾ കപ്പൽ നിർമ്മാണ മേഖലയിൽ ആഗോള തലത്തിലേക്ക് അഞ്ച് കമ്പനികളെ ഉയർത്തികൊണ്ടുവരാൻ കേന്ദ്ര സർക്കാർ 69,725 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ മൂന്നോ നാലോ ഗ്രീൻഫീൽഡ് മെഗാ ഷിപ്പിംഗ് ക്ളസ്‌റ്ററുകൾ നിർമ്മിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.കേരളം
ഗ്രീൻഫീൽഡ് ഷിപ്പിംഗ് ക്ളസ്‌റ്ററുകൾ തുടങ്ങാൻ താത്പര്യപത്രം നൽകുകയോ മുന്നൊരുക്കങ്ങൾ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |