
ആലപ്പുഴ: ചെറുമകളായ പതിമൂന്നുകാരിയുടെ ക്വട്ടേഷനിൽ കൊല്ലപ്പെട്ട കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരുടെ (65) സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11ന് കരുവാറ്റയിൽ മക്കൾ നിർമ്മിക്കുന്ന വീടിന്റെ വളപ്പിലാണ് സംസ്‌കാരം. ശിവൻകുട്ടി കൊല്ലപ്പെട്ട വാടകവീടിനോട് ചേർന്നാണ് രണ്ട് മക്കളും വീടുവയ്‌ക്കുന്നത്.
സംസ്‌കാരച്ചടങ്ങുകൾ വാടകവീടിന്റെ മുറ്രത്ത് നടത്തും. ഇതിന്റെ ഭാഗമായി കൊലപാതകം നടന്ന വീട്ടിലെ നിയന്ത്രണങ്ങൾ പൊലീസ് ഇന്നലെ നീക്കി. ശിവൻകുട്ടിയുടെ മൂത്തമകൾ ശശികല വിദേശത്ത് നിന്ന് ഇന്നലെ നാട്ടിലെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനെത്തിച്ച ചൊവ്വാഴ്ച, ശിവൻകുട്ടിയുടെ ഇളയമകൾ ശ്രീകല ഇതേ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ശിവൻകുട്ടിയുടെയും സരസ്വതിയുടെയും മകൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. ഇത് ആത്മഹത്യയയായിരുന്നെന്ന വിവരവും പുറത്തുവന്നു.
കൊല്ലത്ത് നിന്ന് കരുവാറ്റയിലെത്തിയിട്ട് മൂന്ന് വർഷമായിട്ടും പ്രദേശവാസികളുമായി കുടുംബത്തിന് കാര്യമായ ബന്ധങ്ങളുണ്ടായിരുന്നില്ല. ഇതിൽ പ്രദേശവാസികൾക്കും സംശയമുണ്ട്.
പ്രതികൾ സി.സി ടിവിയുള്ള വഴി ഒഴിവാക്കി
രാത്രി ദേശീയപാതയിലെ കന്നുകാലിപ്പാലം ജംഗ്ഷനിൽ ഓട്ടോറിക്ഷയിറങ്ങിയാണ് പ്രതികളെത്തിയത്. ശിവൻകുട്ടി വാടകയ്‌ക്ക് താമസിക്കുന്ന മാടപ്പുരയ്ക്കൽ പടീറ്റതിൽ വീടിന് ഒരു കിലോമീറ്റർ അകലെയാണിത്. പ്രധാനവഴികൾ ഒഴിവാക്കിയാണ് പ്രതികളെത്തിയത്. വീട്ടിലേക്കുള്ള റോഡ് തുടങ്ങുന്നിടത്ത് സി.സി ടിവിയുണ്ട്. ഇക്കാര്യം ഇതേ വീട്ടിൽ താമസിച്ചിരുന്ന പതിമൂന്നുകാരിക്ക് അറിയാമായിരുന്നു. ഇതേത്തുടർന്നാണ് പ്രതികൾ ഇവിടം ഒഴിവാക്കി വീടിന് പിന്നിലെത്താവുന്ന ആൾസഞ്ചാരമില്ലാത്ത വഴി തിരഞ്ഞെടുത്തത്. വാടകവീട്ടിൽ കയറും മുമ്പ് ശശികലയുടെ നിർമ്മാണത്തിലുള്ള വീട്ടിൽ പ്രതികളെത്തിയെന്നും കരുതുന്നു. ഈ വീടിന്റെ അടുക്കളയിലെ തട്ട് ഇളക്കിയ നിലയിലായിരുന്നു. വീടിന് പിന്നിലെ ചെളിനിറഞ്ഞ ഭാഗത്തെ ഷീറ്റുമതിൽ അവസാനിക്കുന്നിടത്തെ വിടവിലൂടെയാണ് പ്രതികൾ വാടക വീടിന്റെ പിന്നിലെത്തിയത്. കൃത്യത്തിന് ശേഷം വിതറാനുള്ള മുളകുപൊടി പ്രതികൾക്ക് എളുപ്പത്തിൽ എടുക്കുന്നതിനായി കുപ്പിയിലാക്കി അടുക്കളയിൽ വച്ചിരുന്നു. സംഭവശേഷം നടന്ന് ദേശീയപാതയിലെ കന്നുകാലിപ്പാലത്തിലെത്തിയാണ് പ്രതികൾ ബസിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയത്.
കൊലപാതകം നടന്ന വീട്ടിലേക്കുള്ള വഴിയിൽ മൂന്ന് വീടുകളാണ്. ഇതിൽ റോഡിനോട് ചേർന്നുള്ള എസ്.എൻ.ഡി.പി യോഗം 291-ാം നമ്പർ ശാഖാ സെക്രട്ടറി മാടപ്പുരയ്ക്കൽ ജോഷിലാലിന്റെ വീട്ടിലാണ് പെൺകുട്ടി സഹായം തേടിയെത്തിയത്. അപ്പൂപ്പൻ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞതല്ലാതെ യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്‌ക്വാഡിലെ വനിതാ പൊലീസും ചോദ്യം ചെയ്തപ്പോഴും കുട്ടിയ്‌ക്കുണ്ടായ ആത്മവിശ്വാസവും ധൈര്യവും അത്ഭുതപ്പെടുത്തിയെന്ന് ജോഷിലാൽ പറഞ്ഞു. പിന്നിലെ വാതിൽ അന്യസംസ്ഥാന തൊഴിലാളിയുടെ സഹായത്തോടെ പൊളിച്ച് വീട്ടിൽ ആദ്യം കയറിയത് ജോഷിലാലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |