
തൃശൂർ: പനിക്ക് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നടത്തറ നെല്ലാനി സ്വദേശി കളപുരയ്ക്കൽ മേയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. അടുത്ത് ആരും ഇല്ലായിരുന്നു. ആ സമയം അപസ്മാരമുണ്ടായെന്നും സംശയമുണ്ട്.
അപകടത്തെത്തുടർന്ന് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പനിയും ജലദോഷവുമുണ്ടായിരുന്ന എയ്ഞ്ചലോയ്ക്ക് ആവി പിടിക്കാനായി ഹാളിൽ വെള്ളം തിളപ്പിച്ചു വച്ച ശേഷം മേയ്ജോയും മറ്റ് രണ്ടു മക്കളും അച്ഛമ്മയും വീടിനോട് ചേർന്ന റബ്ബർ തോട്ടത്തിലായിരുന്നു. എയ്ഞ്ചലോയുടെ മുത്തച്ഛൻ മറ്റൊരു മുറിയിൽ വിശ്രമത്തിലായിരുന്നു.
ഒരു മണിക്കൂറിന് ശേഷം വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ എയ്ഞ്ചലോയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മേയ്ജോ മിനി ലോറി ഡ്രൈവറാണ്. അമ്മ സെബ ഇറ്റലിയിലാണ്. അവർ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം. സഹോദരങ്ങൾ: ക്രിസ്റ്റി, മിഖായേൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |