
പത്തനംതിട്ട: കടത്തുകാരിൽ നിന്നും വിൽപ്പനക്കാരിൽ നിന്നുമടക്കം പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കൾ നശിപ്പിക്കുന്നതുവരെ സൂക്ഷിക്കുന്നത് 'വി.ഐ.പി' പരിഗണനയോടെ കനത്ത പൊലീസ് സുരക്ഷയിൽ. നശിപ്പിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം സാന്നിദ്ധ്യത്തിൽ. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ സൂക്ഷിക്കുന്നതിനും നശിപ്പിക്കുന്നതിനും പ്രത്യേക നടപടി ക്രമങ്ങളുണ്ട്. തൊണ്ടിമുതൽ ആരെങ്കിലും കടത്തുന്നതോ നശിപ്പിക്കുന്നതോ തടയാനാണിത്.
എ.ആർ ക്യാമ്പുകളിൽ പ്രത്യേക സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കുന്നത്. കാവൽ നിൽക്കുന്നത് തോക്കേന്തിയ പൊലീസുകാർ. ജില്ലാ പൊലീസ് മേധാവി അദ്ധ്യക്ഷനായ ഡിസ്ട്രിക്ട് ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിക്കാണ് ഇവ നശിപ്പിക്കാനുള്ള അധികാരം. കമ്മിറ്റി യോഗം ചേർന്നാണ് നശിപ്പിക്കാൻ തീരുമാനിക്കുന്നത്. 1985ലെ നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക് സബസ്റ്റെൻസസ് ആക്ട് (എൻ.ഡി.പി.എസ്) 52 എ പ്രകാരമാണ് നടപടി.
ജില്ലാ പൊലീസ് മോധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, മജിസ്ട്രേറ്റിന്റെ പ്രതിനിധി, ജനപ്രതിനിധികൾ, മാദ്ധ്യമ പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നശിപ്പിക്കുന്നത്. കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഇന്നലെ പത്തനംതിട്ട നഗരത്തിലെ എ.ആർ ക്യാമ്പ് മൈതാനത്ത് 26. 228 കിലോ കഞ്ചാവും 10.755ഗ്രാം എം.ഡി.എം.എയും നശിപ്പിച്ചു. ഇതിന് രണ്ടു ലക്ഷത്തോളം രൂപ വിലവരും. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചശേഷം പിടിച്ചെടുത്തവയാണിവ.
നശിപ്പിക്കുന്നത്
പരിശോധനയ്ക്കു ശേഷം
കേസ് രജിസ്റ്റർ ചെയ്തശേഷം കഞ്ചാവാണെങ്കിൽ മൂന്ന് സാമ്പിളുകളും എം.ഡി.എം.എ പോലുള്ളവയാണെങ്കിൽ അഞ്ച് സാമ്പിളുകളും രാസപരിശോധനയ്ക്കായി തിരുവനന്തപുരത്തെ സർക്കാർ കെമിക്കൽ ലാബിലേക്ക് അയയ്ക്കും. കേസെടുത്ത പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും പരിശോധനാ റിപ്പോർട്ട് നൽകും. ശേഷം സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലിന്, പിടിച്ചെടുത്ത സമയത്തെ തൂക്കം തന്നെയാണോ എന്ന് ഉറപ്പുവരുത്തും. പിന്നീട് തുറസായ ഗ്രൗണ്ടിലോ ഫർണസിലോ ഇട്ട് കത്തിക്കും. പൂർണമായി കത്തിയ ശേഷമേ എസ്.പി ഉൾപ്പെടെയുള്ളവർ മടങ്ങൂ.
''ഓപ്പറേഷൻ തൂഫാനിൽ സീറോ ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായാണ് മയക്കുമരുന്നുകൾ നശിപ്പിക്കുന്നത്.
-ആർ.ആനന്ദ്,
പത്തനംതിട്ട ജില്ലാ
പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |