SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

വകുപ്പുകളുമായി ഗവർണറുടെ യോഗം,​ ആവർത്തിക്കരുതെന്ന് സർക്കാർ കത്ത്,​ ഭരണകാര്യങ്ങളിൽ ഇടപെട്ടില്ലെന്ന് വിശദീകരണം

rajendra-vishwanath-arlek

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സിക്യുട്ടീവ് ചുമതലകളിൽപ്പെട്ടതാണ്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്ന് സർക്കാർ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യോഗം വിളിച്ചത് മാദ്ധ്യമ വാർത്തകളിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഭരണകാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും ചാൻസലർ എന്ന നിലയിൽ സർവകലാശാലകളിൽ യോഗാദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് വി.സിമാരുടെയടക്കം യോഗം വിളിച്ചതെന്നും ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. ഗവർണർ ആർ.വി.ആർലേക്കറുടെ നിർദ്ദേശപ്രകാരം ലോക്ഭവൻ സെക്രട്ടറി ഡോ. കെ.വാസുകിയാണ് മുഖ്യമന്ത്രിയെ ഇക്കാര്യമറിയിച്ചത്. യോഗാഭ്യാസമടക്കം ഒരുക്കങ്ങൾ അറിയാനാണ് ആയുഷ് വകുപ്പ് സെക്രട്ടറിയെ വിളിച്ചത്.

കേന്ദ്ര നിർദ്ദേശ പ്രകാരമാണ് യോഗങ്ങൾ വിളിച്ച് ഒരുക്കം വിലയിരുത്തുന്നത്. ആർലേക്കറിന് തമിഴ്നാട് ഗവർണറുടെ കൂടി ചുമതലയുള്ളതിനാൽ അവിടെയും സമാനമായ യോഗം വിളിച്ചിരുന്നു. അവിടെ 250 പേരാണ് പങ്കെടുത്തത്. ഇവിടെ എൻ.സി.സി ഉദ്യോഗസ്ഥരും യോഗ നടത്തുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുമടക്കം 70പേരേ പങ്കെടുത്തുള്ളൂവെന്നും ലോക്ഭവൻ വിശദീകരിച്ചു.

യോഗത്തിൽ വി.സിമാരും

ഗവർണർ വിളിച്ച യോഗത്തിൽ കാലിക്കറ്റ്, കുസാറ്റ് വി.സിമാർ പങ്കെടുത്തു. കേരള വി.സി ഡോ. മോഹനൻ കുന്നുമ്മേൽ ഔദ്യോഗിക തിരക്കായതിനാൽ അസൗകര്യമറിയിച്ചു. യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ 15ന് ഡോ. ബി.അശോകിനും ലോക്ഭവൻ സെക്രട്ടറി കത്ത് നൽകിയിരുന്നു. എന്നാൽ,​ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിയമിതനായതിനാൽ അശോകിനെ ക്ഷണിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് സൂചന. ലോക്ഭവൻ സെക്രട്ടറി അബദ്ധത്തിൽ കത്തയയ്ക്കുകയായിരുന്നു. ഇക്കാര്യത്തിൽ സെക്രട്ടറിയോട് ഗവർണർ അതൃപ്തിയറിച്ചെന്നും വിവരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA