
കൊച്ചി: പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങൾ മുറിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റികളിൽ വനം ഉദ്യോഗസ്ഥനുപകരം അസിസ്റ്റന്റ് എൻജിനിയറെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്.
മരങ്ങളുടെ കണക്കെടുപ്പിനുള്ള അധികാരം അസിസ്റ്റന്റ് എൻജിനിയർമാർക്ക് നൽകിയത് ചോദ്യം ചെയ്ത് പാലക്കാട് സ്വദേശി കെ. സതീഷ്‌കുമാറാണ് കോടതിയെ സമീപിച്ചത്.
അസി. എൻജിനിയർമാർക്ക് മരങ്ങളുടെ ഇനവും സ്വഭാവവും മൂല്യവും ആയുസും കണക്കാക്കാനുള്ള പരിജ്ഞാനമില്ലെന്നും മുമ്പത്തെപ്പോലെ ട്രീ കമ്മിറ്റിയിൽ വനം അസി.കൺസർവേറ്ററാണ് വേണ്ടതെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. കമ്മിറ്റിയുടെ ലക്ഷ്യം പരിഗണിക്കുമ്പോൾ സസ്യശാസ്ത്രത്തിൽ അറിവുള്ള വനം അസി.കൺസർവേറ്ററുടെ അഭിപ്രായത്തിന് പ്രാധാന്യമുണ്ടെന്ന് കോടതി പറഞ്ഞു.
പി.ഡബ്ല്യു.ഡി നിയമാവലിയിൽ അസിസ്റ്റന്റ് എൻജിനിയർക്ക് പറഞ്ഞിട്ടുള്ള ചുമതലകൾ വേറെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിർമ്മാണ പ്രവർത്തനങ്ങളുടെ പ്ലാനും എസ്റ്റിമേറ്റും കരാർ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അസി. എൻജിനിയർ ചെയ്യുന്നത്. മരങ്ങളും വനവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവരുടെ അധികാരപരിധിയിലല്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |