
മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം
പരിക്കേറ്റവരുടെ ചികിത്സാചെലവ് വഹിക്കും
തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം മൂന്നുപേരുടെ ജീവനെടുത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. തുരങ്ക നിർമ്മാണം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകി.
അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചാണ് ആദ്യ അന്വേഷണം. കേന്ദ്ര സർക്കാരിന്റെ കർശനമായ പാരിസ്ഥിതിക നിർദ്ദേശങ്ങൾ നിർമ്മാണ കമ്പനി പാലിച്ചോ എന്നതിലാണ് രണ്ടാമത്തെ അന്വേഷണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 50 ഇന മാർഗനിർദ്ദേശങ്ങൾ കരാറിലുണ്ട്. അപകട സാദ്ധ്യത വിലയിരുത്തിയ ശേഷമേ പുനഃരാരംഭിക്കൂ. ദുരന്തം അന്വേഷിക്കാനുള്ള സമിതിയെ ഇന്ന് പ്രഖ്യാപിക്കും.
ഇന്നലത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി വി.ഡി.സതീശനാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നൽകും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടിയെടുക്കും. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും. കാണാതായ അഞ്ചുപേർക്കായി എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ദുരന്തസ്ഥലത്തിനു തൊട്ടുമുകളിൽ ഉരുൾപൊട്ടലുണ്ടായെന്നും പറയുന്നുണ്ട്. ഇക്കാര്യവും അന്വേഷിക്കും.
കൂട്ടിയിട്ട മണ്ണ് മാറ്റാൻ ജില്ലാ ഭരണകൂടം ഒന്നിലേറെ തവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നീക്കാത്തത് ദുരന്തത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല എൻജിനിയറിംഗ് വിഭാഗം സാങ്കേതിക കാര്യങ്ങൾ പരിശോധിക്കും.
കാണാമറയത്ത് 5 ജീവൻ,
തെരച്ചിൽ തുടരും
കൽപ്പറ്റ: കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേരെ കണ്ടെത്താനായില്ല. കുത്തിയൊഴുകുന്ന മീനാക്ഷി പുഴയിൽ വടം കെട്ടിയുള്ള തെരച്ചിലിന് അതിശക്തമായ മഴയും കുത്തൊഴുക്കും കോടയും വെല്ലുവിളിയായി.
മുഹമ്മദ് ഇമ്രാൻ, ബിക്രംസിംഗ് റാണ, രാഹുൽ ശർമ്മ, രാകേഷ്, അൻസാരി എന്നിവരെയാണ് കണ്ടെത്താനുള്ളത്.
രാവിലെ ഏഴോടെ നാല് മേഖലകളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചു. കെഡാവർ നായകളെ ഉപയോഗിച്ചുള്ള തെരച്ചിലും ഊർജിതമാക്കി. പുഴയിലെ തെരച്ചിലിൽ വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള തെരച്ചിലും വിഫലമായി.ഇന്നും തെരച്ചിൽ തുടരും. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ റവന്യൂ മന്ത്രി എ.പി.അനിൽകുമാർ, കൃഷിമന്ത്രി ടി.സിദ്ദീഖ് എന്നിവർ സ്ഥലത്ത് ഇന്നലെയും ക്യാമ്പ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |