തിരുവനന്തപുരം: പത്തുവർഷം പ്രതിപക്ഷത്തിരുന്ന യു.ഡി.എഫ് സംഘടനകൾക്ക് അധികാരം കിട്ടിയതോടെ ഇരട്ടിയാവേശം. മന്ത്രിമാരെ നിശ്ചയിച്ച് വകുപ്പ് വിഭജനം നടത്തുന്നതിന് മുമ്പേ ഒരുമുഴം കൂട്ടിയെറിഞ്ഞ് യു.ഡി.എഫ് സർവീസ് സംഘടനാ നേതാക്കൾ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സ്ഥലംമാറ്റേണ്ടവരുടെ ലിസ്റ്രെടുത്ത ഭരണപക്ഷ സർവീസ് സംഘടനകൾ ബന്ധപ്പെട്ട വകുപ്പ് മേധാവിമാരെ കണ്ടുതുടങ്ങി. വകുപ്പ് സംയോജനത്തോടെ ഏറ്റവും വലിയ വകുപ്പായി മാറിയ തദ്ദേശഭരണ വകുപ്പിലാണ് മന്ത്രിസഭാ സത്യപ്രതിജ്ഞയ്ക്ക് മുമ്പേ കൂട്ടസ്ഥലം മാറ്റംവേണമെന്ന ആവശ്യവുമുയർന്നത്. തദ്ദേശവകുപ്പ് തങ്ങൾക്ക് നേതൃത്വം നൽകുന്ന പാർട്ടിക്കാണെന്നും അതിനാൽ പട്ടിക പ്രകാരമുള്ള സ്ഥലംമാറ്റങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിയ്ക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയനാണ് (എസ്.ഇ.യു) തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആദ്യമെത്തിയത്. എന്നാൽ മന്ത്രിസഭ അധികാരമേറ്റ ശേഷം തങ്ങൾ വിശദമായ ലിസ്റ്റ് തരാമെന്നും അതനുസരിച്ച് സ്ഥലംമാറ്റം ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന നേതാക്കളുമെത്തി. വകുപ്പിലെ സംഘടനാ അംഗങ്ങളോട് ഏത് ഓഫീസ് വേണമെന്നും പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ജോലി ചെയ്യാൻ താത്പര്യമുണ്ടോയെന്നുമുള്ള അന്വേഷണങ്ങളുമായി എൻ.ജി.ഒ അസോസിയേഷന്റെ വിവരശേഖരണം പുരോഗമിക്കുകയാണ്.
ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിയ്ക്കും ?
തദ്ദേശഭരണ വകുപ്പിൽ 3വർഷമായി ഓൺലൈൻ സ്ഥലംമാറ്റമാണ്. 2026ലെ പൊതുസ്ഥലം മാറ്റത്തിനായി അപേക്ഷ സ്വീകരിച്ചിരിക്കെയാണ് ഭരണപക്ഷ സംഘടനകൾ രംഗത്തെത്തിയത്. ഓൺലൈൻ ട്രാൻസ്ഫർ നടപ്പായതോടെ അഴിമതി ആക്ഷേപങ്ങൾ കുറഞ്ഞിരുന്നു. സർവീസ് സംഘടനകളുടെ താത്പര്യം നടക്കണമെങ്കിൽ ഓൺലൈൻ സ്ഥലം മാറ്റം അട്ടിമറിക്കേണ്ടിവരും. സർവീസ് സംഘടനകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സർക്കാരിന് തുടക്കത്തിൽ തന്നെ മങ്ങലേൽപ്പിക്കുമെന്ന ആശങ്ക ഭരണാനുകൂല സംഘടനക്കാർക്ക് ഉൾപ്പെടെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |