
തിരുവനന്തപുരം: കേരളത്തിൽ എൻ.സി.പിയുടെ രാഷ്ട്രീയ ഭാവി എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ 29ന് കൊച്ചിയിൽ നിർണായക യോഗം ചേരും. ഇതുസംബന്ധിച്ച് മൂന്ന് തരത്തിലുള്ള അഭിപ്രായങ്ങളാണ് സംഘടനയ്ക്കുള്ളിലുള്ളത്.
ദേശീയ പാർട്ടിയായിതന്നെ തുടരണമെന്ന അഭിപ്രായമാണ് പി.സി.ചാക്കോ പക്ഷത്തിന്. എന്നാൽ ബി.ജെ.പിയോട് പലപ്പോഴും അനുഭാവം കാട്ടുന്ന ദേശീയ അദ്ധ്യക്ഷൻ ശരദ്പവാറിന്റെ നിലപാടുകളോട് വിയോജിപ്പുള്ളവരാണ് എ.കെ.ശശീന്ദ്രൻ പക്ഷം. ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ സംസ്ഥാന പാർട്ടിയായി നിലകൊള്ളണമെന്നതാണ് ഇവരുടെ അഭിപ്രായം.
എന്നാൽ, ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്), ജനതാദൾ തുടങ്ങിയ പാർട്ടികളെക്കൂടി ഉൾപ്പെടുത്തി എൻ.സി.പി വിപുലീകരിക്കണമെന്നാണ് ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരുടെയും അഭിപ്രായം. അതേസമയം, ഈ യോഗത്തെക്കുറിച്ച് അറിയില്ലെന്നാണ് പി.സി.ചാക്കോ പറയുന്നത്.
നിയമസഭാ തോൽവിയും യോഗത്തിൽ ചർച്ചയാകും. പാർട്ടി മൂന്ന് സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിലും ജയിക്കാനായില്ല. നിയമസഭാ തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃമാറ്റ ചർച്ച ഒരു വിഭാഗം വീണ്ടും സജീവമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |