
തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ് നടപടികളിൽ തന്നെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ചട്ടങ്ങളിൽ
പിഴവ്.
ഇന്ധന വില വർദ്ധനവിലൂടെയുള്ള അധിക നികുതി സംസ്ഥാനം വേണ്ടെന്നു വയ്ക്കണമെന്നത് സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് കെ.എൻ.ബാലഗോപാലാണ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടിക്കും, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും സി.പി.ഐ നിയമസഭാകക്ഷി നേതാവ് കെ.രാജന്റെയും വാക്കൗട്ട് പ്രസംഗത്തിനും ശേഷം, ബി.ജെ.പി നിയമസഭാ കക്ഷിനേതാവ് ബി.ബി.ഗോപകുമാറിന് സംസാരിക്കാൻ സ്പീക്കർ അനുമതി നൽകി. കേന്ദ്രം സംസ്ഥാനത്തോട് വിവേചനം കാട്ടുന്നില്ലെന്നും അർഹമായതെല്ലാം നൽകുന്നുണ്ടെന്നും ഗോപകുമാർ പ്രസംഗിക്കവേ, പ്രതിപക്ഷം പ്രതിഷേധിച്ചു. അടിയന്തര പ്രമേയ നോട്ടീസിൽ ഒപ്പിടാത്തതിനാൽ ഗോപകുമാറിന് പ്രസംഗിക്കാൻ അവസരമില്ലെങ്കിലും പറയാനുള്ളത് ചുരുക്കിപ്പറയാമെന്ന് സ്പീക്കർ നിർദ്ദേശിച്ചു. പ്രമേയത്തിൽ ഒപ്പിട്ട ആർ.ജെ.ഡിയിലെ പി.കെ. പ്രവീൺ സംസാരിക്കും മുൻപായിരുന്നു ഗോപകുമാറിനെ പ്രസംഗിക്കാൻ അനുവദിച്ചത്. പ്രവീൺ പ്രതിഷേധിച്ചപ്പോൾ, പുതിയ അംഗമായതിനാൽ പരിചയക്കുറവുണ്ടെന്നും, ഗോപകുമാർ പ്രസംഗം തുടങ്ങിയ സ്ഥിതിക്ക് നിറുത്തിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
എന്നാൽ വാക്കൗട്ട് നടത്തിയ ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി തിരിച്ചെത്തി. 'ഡീലാണേ... ഡീലാണേ..." എന്ന് മുദ്രാവാക്യം മുഴക്കി. പ്രകടമായത് സ്പീക്കറുടെ ഉദാരമനസ്കതയാണെങ്കിലും നിയമസഭാ ചട്ടത്തിൽ നിന്നും പ്രവർത്തന പാരമ്പര്യത്തിൽ നിന്നുമുള്ള വ്യതിയാനമായിപ്പോയെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വാക്കൗട്ട് പ്രസംഗങ്ങൾ കഴിഞ്ഞശേഷം ബി.ജെ.പി അംഗത്തിന് സമയം നൽകാമെന്നും പറഞ്ഞു. താൻ ഒരു നിമിഷം ചട്ടത്തിൽ നിന്ന് വ്യതിചലിച്ചു പോയെന്നും, പുതിയ അംഗത്തിന്റെ കന്നി പ്രസംഗം തുടങ്ങിയപ്പോഴേ നിറുത്തിക്കാൻ തന്റെ പാരമ്പര്യം അനുവദിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു. അതോടെ ബഹളം മയപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |