
കൊല്ലം: ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠങ്ങളിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിയും ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും ചേർന്ന് കവർന്നു. ഇതിന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് കളമൊരുക്കി. എസ്.ഐ.ടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് കൊള്ളയുടെ വിവരമുള്ളത്. 2019ലെ കൊള്ള മറയ്ക്കാനാണ് 2025ൽ ശില്പ പാളികൾ ചെന്നൈയിൽ കൊണ്ടുപോയത്. എന്നാൽ അവിടെ വച്ച് വീണ്ടും സ്വർണം കവർന്നു. ബോർഡ് അംഗങ്ങളായ അജികുമാറും സുന്ദരേശനും പ്രശാന്തിനെ അനുകൂലിച്ചു. 2019ൽ പൂശിയ സ്വർണത്തിന് 40 വർഷം വാറന്റിയുള്ളത് ഇവർ ബോധപൂർവം അവഗണിച്ചു. പെട്ടെന്ന് ശോഭ മങ്ങാനുള്ള കാരണവും അന്വേഷിച്ചില്ല.
അഞ്ചുമാസത്തിൽ ശോഭ മങ്ങി
2019ൽ സ്വർണം പൂശിയ ശില്പ പാളികളുടെ ശോഭ അഞ്ചുമാസത്തിൽ മങ്ങി. ഇളക്കിക്കൊണ്ടുപോകാനുള്ള ഗൂഢാലോചന ഇതോടെയാരംഭിച്ചു. സ്വർണം പൂശി നൽകാമെന്ന കത്ത് 2020 ഫെബ്രുവരിയിൽ അന്നത്തെ എക്സിക്യുട്ടീവ് ഓഫീസർക്ക് പോറ്റി ഇ മെയിലായി അയച്ചു. എന്നാൽ, തിരുവാഭരണ കമ്മിഷണർ തുടർനടപടിയെടുത്തില്ല. 2022 നംവബറിൽ പ്രശാന്ത് ദേവസ്വം പ്രസിഡന്റും തൊട്ടുപിന്നാലെ മുരാരി ബാബു ശബരിമല എക്സിക്യുട്ടീവ് ഓഫീസറുമായതോടെ സ്വർണപ്പാളികൾ കടത്താനുള്ള ശ്രമം വീണ്ടും തുടങ്ങി. സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോകാൻ മുരാരിബാബുവിന് പ്രശാന്ത് വാക്കാൽ നിർദ്ദേശം നൽകി.
സ്വർണ്ണം പൂശാൻ കത്ത്
സ്പോൺസർഷിപ്പിലൂടെ പാളികളിൽ സ്വർണം പൂശണമെന്ന് മുരാരി കത്ത് നൽകി. 2024 സെപ്തംബറിലെ ബോർഡ് യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചു. അന്നുതന്നെ, സ്പോൺസർഷിപ്പിലൂടെ സ്വർണം പൂശി നൽകാമെന്ന പോറ്റിയുടെ ഇ- മെയിലുമെത്തി. പോറ്റിയും മുരാരിയും പ്രശാന്തും ചേർന്നുള്ള ഗൂഢാലോചനയായിരുന്നു നടന്നത്.
ശില്പപാളികൾ ചെന്നൈയിലേക്ക് അയയ്ക്കണമെന്ന മുരാരിയുടെ കത്തിൽ, സന്നിധാനത്ത് അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്ന് തിരുവാഭരണ കമ്മിഷണറുടെ ഓഫീസിലെ സൂപ്രണ്ട് കുറിപ്പെഴുതി. എന്നാൽ പിന്നീട് ചേർന്ന ബോർഡ് യോഗം ചെന്നൈയിലേക്ക് തന്നെ കൊണ്ടുപോകാൻ തീരുമാനിച്ചു. പിന്നാലെ മകരവിളക്ക് വന്നതോടെ നടപടി സ്തംഭിച്ചു. വീണ്ടും ഗൂഢാലോചന നടത്തിയാണ് 2025 സെപ്തംബറിൽ ശില്പപാളികൾ ചെന്നൈയിൽ എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |