SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

അധിക്ഷേപം ഒന്നിനും പരിഹാരമല്ല; മാപ്പുനൽകുന്നെന്ന് പ്രധാനമന്ത്രി

w

ന്യൂഡൽഹി: അധിക്ഷേപം ഒരു പ്രശ്നത്തിനും പരിഹാരമാകില്ലെന്നും വഴിതെറ്റിപ്പോയ യുവാക്കൾക്ക് മാപ്പുനൽകുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അവരെ ശരിയായ പാതയിലേക്ക് നയിക്കണമെന്നും ആഹ്വാനം ചെയ്തു. ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ തന്നെയും അന്തരിച്ച മാതാവിനെയും അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജന്തർ മന്ദറിലെ സംഭവവികാസങ്ങൾ രാജ്യം മുഴുവൻ കണ്ടു. വഴിതെറ്റിപ്പോയ ചില യുവാക്കൾ സംസ്‌കാരത്തിനു ചേരാത്ത ഭാഷ ഉപയോഗിച്ചു. തന്നെയും മരിച്ചുപോയ അമ്മയെയും അധിക്ഷേപിച്ചു. ചെറുപ്പത്തിൽ ഇത്തരം തെറ്റുകൾ സംഭവിക്കാം. ശിക്ഷിക്കുന്നതിനു പകരം അവർക്ക് തെറ്റ് തിരുത്താൻ അവസരം നൽകുകയാണ് വേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ജൂലായ് 23ന് സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. സംഭവത്തിൽ വിദ്യാർത്ഥിനിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, റീലിൽ മാപ്പുനൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കാൻ ആവശ്യപ്പെടുമോയെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ ചോദിച്ചു.

'ഇതെന്റെ ആദ്യത്തേയും

അവസാനത്തേയും തെറ്റ്"

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പുചോദിച്ച് വിദ്യാർത്ഥിനി. തനിക്ക് 15 വയസ് മാത്രമാണ് പ്രായമെന്നും മറ്റുള്ളവരുടെ സ്വാധീനത്താലാണ് അത്തരം പരാമർശം നടത്തിയതെന്നും പെൺകുട്ടി പറഞ്ഞു. രാജ്യത്തോടു മുഴുവൻ മാപ്പു ചോദിക്കുന്നു. ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് താൻ ചെയ്തത്. തനിക്ക് 15 വയസുമാത്രമാണ് പ്രായം. പൊലീസ് പറയുന്നതു പോലെ 25 അല്ല. തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും തെറ്റാണിതെന്നും വീഡിയോ സന്ദേശത്തിൽ പെൺകുട്ടി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA