
കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശി എൻ.നജീബ്, അരക്കിണർ സ്വദേശി ഭാര്യ നൗഷിദ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 10ന് മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുണ്ടായ തർക്കത്തിനിടയിലായിരുന്നു കൊലപാതകം. നടുവട്ടം സ്വദേശിയും മിഠായിത്തെരുവിലെ കച്ചവടക്കാരനുമായ ആദിൽ റോഷൻ (39) ആണ് മരിച്ചത്. നജീബിൽ നിന്ന് 10,000 രൂപ ആദിൽ കടം വാങ്ങിയിരുന്നു. ഇതിൽ 5,000 രൂപ തിരികെ നൽകി. എന്നാൽ ബാക്കി തുകയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഭാര്യയെക്കുറിച്ച് മോശമായി പറഞ്ഞതാണ് തർക്കത്തിന് കാരണമെന്നാണ് നജീബിന്റെ മൊഴി. സംഭവസമയത്ത് ദമ്പതികളുടെ ഒപ്പമുണ്ടായിരുന്ന ആൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |