
ലൈഫ് പദ്ധതിയിൽ ലക്ഷം രൂപ ഗുണഭോക്താവ് നൽകണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുന്നു. സംസ്ഥാനത്ത് അഞ്ചു ലക്ഷം വീടാണ് പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ് കാലത്ത് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ 5,000 കോടി രൂപ ഗുണഭോക്താക്കളിൽ നിന്ന് വാങ്ങാമായിരുന്നു. പുതിയ തീരുമാനം പ്രതിഷേധാർഹമാണ്. ജനങ്ങൾക്ക് നൽകിയിരുന്ന ഓരോ തുകയും യു.ഡി.എഫ് സർക്കാർ വെട്ടിക്കുറയ്ക്കുന്നു. മയക്കുമരുന്ന് കേസ് പ്രതിയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം പരിശോധിക്കണം. മുഖ്യമന്ത്രിക്ക് കേരളത്തിലെ മുഴുവൻ ആളുകളുടെയും അഭിമാനം സംരക്ഷിക്കാൻ ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രി ഒരു കാര്യത്തിൽ നിന്ന് രക്ഷപ്പെടാൻ പത്തും നൂറും നുണകൾ പറയുകയാണ്.
കെ.എൻ. ബാലഗോപാൽ
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം.
മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു
മയക്കുമരുന്ന് മാഫിയയെ പിടിച്ചുകെട്ടുമെന്ന് പ്രഖ്യാപിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുഖ്യമന്ത്രി വി.ഡി.സതീശന്റെ തോളിൽ കൈയിട്ടു നടക്കുന്ന മാഫിയ തലവന്മാരെ കാണുന്നില്ലേ. ലഹരി കടത്തു തലവന്മാരുമായി തനിക്കുള്ള ബന്ധം മറച്ചു വയ്ക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളോരൊന്നും അദ്ദേഹത്തിന്റെ മേലുള്ള സംശയത്തിന്റെ ആക്കം കൂട്ടുന്നു. മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നു. കാസർകോട് എം.ഡി.എം.എ കേസിൽ പിടിയിലായവരുമായി മുഖ്യമന്ത്രിക്കുള്ളത് കേവല സൗഹൃദം മാത്രമല്ലെന്നത് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. ഇതു സംബന്ധിച്ച മാദ്ധ്യമ വാർത്തകളുടെ സോഷ്യൽ മീഡിയ കാർഡ് നീക്കം ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആക്ഷേപം ശക്തമാണ്. ഒരു ഭാഗത്ത് തൂഫാനും ,മറുഭാഗത്ത് സംരക്ഷണവുമാണോ സർക്കാർ നയമെന്ന് ആഭ്യന്തര മന്ത്രി ജനങ്ങളോട് വ്യക്തമാക്കണം.
ബിനോയ് വിശ്വം
സംസ്ഥാന സെക്രട്ടറി, സി.പി.ഐ .
മോദി മാപ്പ് പറയണം
എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണം. ജാതീയതയുടെ വിഷ വിത്തുകൾ പാകാനാണ് ബി.ജെ.പിയും സംഘപരിവാറും പരിശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യത്തിൽ പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെട്ടിട്ടില്ലേ. ബി.ജെ.പിയുടെയും മോദിയുടെയും ഷായുടെയും ഡി.എൻ.എ തന്നെയതാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സവർണ മേധാവിത്വം നടപ്പാക്കുകയാണ് ലക്ഷ്യം. ആ മനോനിലയുടെ അടിസ്ഥാനത്തിൽ നടന്ന ഹീനമായ നടപടിയാണ് ഖാർഗെയെ അപമാനിച്ച സംഭവം. മനുവാദത്തിന്റെ രാഷ്ട്രീയ കാലം മാറിയെന്ന് ബി.ജെ.പി തിരിച്ചറിയണം. ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണ്. പ്രതികൾക്ക് ഈ ധൈര്യം നൽകിയത് മോദിയുടെയും ഷായുടെയും നിലപാടുകളാണ്.
കെ.സി.വേണുഗോപാൽ എം.പി
എ.ഐ.സി.സി ജന. സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |