തിരുവനന്തപുരം: ഗാർഹിക സോളാർ വൈദ്യുതി ഉത്പാദനമേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല കെ.എസ്.ഇ.ബിയുടേതെന്നും ഇതിൽ കാര്യമായ മാറ്റംവേണമെന്നും വൈദ്യുതി ഉപഭോക്താക്കൾ. വൈദ്യുതി മേഖലയിൽ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളിൽ ജനാഭിപ്രായം തേടിയുള്ള മന്ത്രി സണ്ണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
വൈദ്യുതി വിതരണം, ബിൽ സംവിധാനങ്ങൾ, വോൾട്ടേജ് പ്രശ്‌നങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ, സൗരോർജ വികസനം, ഉപഭോക്തൃ സേവനം തുടങ്ങി ഏതു വിഷയത്തിലും അഭിപ്രായങ്ങൾ കമന്റിലൂടെ പങ്കുവയ്ക്കാമെന്നായിരുന്നു കുറിപ്പ്. വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ സോളർ പ്ലാന്റുകളെ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം നിരവധിപേർ ഉന്നയിച്ചു. സോളാർ വൈദ്യുതിയിൽ സംസ്ഥാനം വിജയം നേടിയെങ്കിലും പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലേക്ക് ശേഖരിച്ചുവയ്ക്കാൻ സ്‌റ്റോറേജ് സംവിധാനമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ഇതിന് പ്രതിവിധിയായി ട്രാൻസ്‌ഫോർമറുകളോട് അനുബന്ധിച്ച് ബാറ്ററി-സ്‌റ്റോറേജ് സംവിധാനമൊരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നാണ് നയപ്രഖ്യാപനത്തിൽ സക്കാരിന്റെ ഉറപ്പ്.
പ്രതിമാസ ബില്ലിംഗും സ്മാർട്ട് മീറ്ററും വേണം
ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് നടപ്പാക്കുക, സ്മാർട്ട്മീറ്റർ ഏർപ്പെടുത്തുക, റോഡരികിലെ ട്രാൻസ്‌ഫോർമറുകൾ മാറ്റി സ്ഥാപിക്കുക, ഭൂഗർഭ വൈദ്യുതി വിതരണ സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും നിരവധിപേർ ഉന്നയിച്ചു. ആദ്യത്തെ 4 മണിക്കൂറിൽ 2000ത്തിൽ അധികം കമൻറുകൾ പോസ്റ്റിന് ലഭിച്ചു. നിർദ്ദേശങ്ങൾ പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്താനുള്ള ഒരുക്കത്തിലാണ് മന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |