
തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളിലെ ചോർച്ചയും മരപ്പട്ടി ശല്യവും കാരണം മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വസതികളിലേക്ക് മാറുന്നത് വൈകും. ക്ലിഫ് ഹൗസിൽ ഉൾപ്പെടെ വസതികളിൽ പൊതുമരാമത്ത് വിഭാഗത്തിന്റെ കീഴിൽ അറ്റകുറ്റപ്പണികൾ തുടരുകയാണ്.
മന്ത്രി സി.പി.ജോൺ മാത്രമാണ് ഔദ്യോഗിക വസതിയിലേക്ക് മാറിയത്. ഓടിട്ട കെട്ടിടങ്ങളുടെയെല്ലാം പ്രധാന പ്രശ്നം ചോർച്ചയാണ്. മുഖ്യമന്ത്രി വി.ഡി.സതീശൻ കന്റോൺമെന്റ് ഹൗസിൽ തുടരുകയാണ്. ക്ലിഫ് ഹൗസിൽ മരപ്പട്ടി ശല്യവും ചോർച്ചയുമാണ് പ്രധാന പ്രശ്നം. ക്ലിഫ് ഹൗസിന്റെ മുഖം മിനുക്കാനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് നൽകിയെങ്കിലും അത്യാവശ്യമുള്ള പണികൾ മാത്രം നടത്തിയാൽ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മേൽക്കൂരയിലെ തട്ടിൽ മരപ്പട്ടിയുടെ ശല്യമാണ്. ഓടിളക്കി അറ്റകുറ്റപ്പണി നടത്തണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം. പത്ത് ദിവസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രി കന്റോൺമെന്റ് ഹൗസിൽ നിന്നും മാറിയാലെ പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ് അനുവദിക്കാൻ കഴിയുകയുള്ളൂ. അറ്റകുറ്റപ്പണികൾക്ക് ശേഷമായിരിക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഔദ്യോഗിക വസതി കൈമാറുക. ഏറ്റവും കൂടുതൽ പണിയുള്ളത് മന്ത്രി ഷിബു ബേബിജോണിന് അനുവദിച്ച എസെൻഡേനിലാണ്. ഈ മാസത്തോടെ അറ്റകുറ്റപ്പണി പൂർത്തിയാകുമെന്നാണ് ടൂറിസം ഡയറക്ടറേറ്റിന്റെ പ്രതീക്ഷ. അതുവരെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ ഗസ്റ്റ് ഹൗസുകളിലും മറ്റുള്ളവർ എം.എൽ.എ ഹോസ്റ്റലിലെ മുറിയിലുമാണ് താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |