
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാ റിവ്യൂ നടത്തണമെന്ന് കേരളം. കോംപ്രിഹെൻസീവ് ഡാം സേഫ്‌റ്റി ഇവാലുവേഷൻ (സി.ഡി.എസ്.ഇ) സമിതിയുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. 2025 ആഗസ്റ്റിൽ നിശ്ചയിച്ച 'ടേംസ് ഒഫ് റഫറൻസ് " പ്രകാരമായിരിക്കണം ഈ പരിശോധനയെന്നും ആവശ്യപ്പെട്ടു. ആശങ്കകളും സാങ്കേതിക പോരായ്മകളും രേഖാമൂലം കേരളം സമർപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സമിതി ഉറപ്പുനൽകിയതായി അന്തർ സംസ്ഥാന നദീജല ഉപദേശകൻ ജെയിംസ് വിൽസൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു.
പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിൽ ചൊവ്വാഴ്ച പരിശോധിച്ച ശേഷമാണ് ഇന്നലെ കേരള- തമിഴ്നാട് പ്രതിനിധികൾ ചർച്ച നടത്തിയത്. ഡാം ബലപ്പെടുത്തിയിട്ടുള്ളതിനാൽ സുരക്ഷിതമാണെന്നും സമഗ്ര പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് ചർച്ചയിലുടനീളം തമിഴ്നാട് നിലപാടെടുത്തത്.
കേരളം ഉന്നയിച്ച ആശങ്കകൾ
1.മേഘവിസ്‌ഫോടനങ്ങളും അതിതീവ്ര മഴയുമുണ്ടായാൽ എക്കലും ചെളിയുമടിഞ്ഞ ഡാം പെട്ടെന്ന് നിറയും. ഡാം കവിഞ്ഞ് ആറു മണിക്കൂറോളം ജലമൊഴുകിയാൽ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഡൽഹി ഐ.ഐ.ടി പഠനമുണ്ട്
2.ഒക്ടോബറിൽ 131 വയസ് തികയുന്ന ഗുരുത്വാകർഷണ ബലത്തിൽ നിലകൊള്ളുന്ന ഗ്രാവിറ്റി ഡാമാണിത്. എന്നാൽ, ജലസമ്മർദ്ദം നേരിടുന്ന ഭാഗം ഗ്രാവിറ്റി ഡാമിന്റെ മട്ടിലല്ല
3.റിക്ടർ സ്‌കെയിലിൽ 5.5 രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാൽ ഡാമിന് കനത്ത ഭീഷണിയെന്ന റൂർക്കി ഐ.ഐ.ടി പഠനമുണ്ട്
4.അണക്കെട്ടിൽ നിന്ന് ഓരോ വർഷവും 30 ടൺ ദ്രവിച്ചും അടർന്നും സംഭരണയിലേക്ക് വീഴുന്നുവെന്ന് കണ്ടെത്തലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |