
മലപ്പുറം: പാർട്ടിക്ക് അതീതമായി പ്രവർത്തിക്കരുതെന്ന് മന്ത്രിമാർക്ക് കർശന നിർദേശം നൽകി മുസ്ലിം ലീഗ് നേതൃത്വം. ചില മന്ത്രിമാർക്കെതിരെ പാർട്ടിയിൽ അതൃപ്തി ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചത്. ഇന്ന് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നേക്കാവുന്ന വിമർശനങ്ങൾക്ക് തടയിടുകയും ലക്ഷ്യമാണ്.
മന്ത്രിമാരുടെ രണ്ടുമാസത്തെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളെ അവഗണിച്ചതാണ് അതൃപ്തി പരസ്യമാക്കിയത്. മന്ത്രിമാരുടെ നിലവിലെ സ്റ്റാഫ് അംഗങ്ങൾ തുടരും. യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികൾക്ക് ബോർഡ്, കോർപ്പറേഷൻ പദവികൾ നൽകാനും തീരുമാനിച്ചു.
യോഗശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ പാർട്ടിക്ക് പൂർണ സംതൃപ്തിയുണ്ടെന്ന് പറഞ്ഞു. വഖഫ് ബോർഡിൽ മുസ്ലിങ്ങൾ അല്ലാത്തവർ വേണ്ടെന്നു തന്നെയാണ് നിലപാട്. പി.എം ശ്രീയിലൂടെ സിലബസ് പരിഷ്‌കരണ ശ്രമമുണ്ടായാൽ കൃത്യമായി പരിശോധിക്കാനും മന്ത്രിസഭാ യോഗങ്ങളിൽ വിഷയം ഉന്നയിക്കാനും മന്ത്രിമാർക്ക് നിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |