
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഒളിച്ചുകടത്തുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ ധനബില്ലിന്റെ പൊതുചർച്ചയും മറ്റ് നടപടികളും പ്രതിപക്ഷം ബഹിഷ്കരിച്ചു. രാജ്യത്തെ വൻകിട മദ്യക്കമ്പനികൾക്ക് മദ്യമൊഴുക്കാൻ അവസരമൊരുക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വീര്യം കുറഞ്ഞമദ്യത്തിന് നികുതിയിളവടക്കം നിർദ്ദേശിക്കുന്ന ഇത്തരം ധനകാര്യ ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും ധൃതിപിടിച്ച് അവതരിപ്പിക്കുന്നത് സഭാകീഴ്വഴക്കങ്ങൾക്ക് എതിരാണെന്നും ക്രമപ്രശ്നം ഉന്നയിച്ച് ബാലഗോപാൽ ആരോപിച്ചു. വിലപേശുകയാണിതിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
ബാലഗോപാൽ ധനമന്ത്രിയായിരുന്നപ്പോഴും ഒന്നിലേറെ ധനബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ സഭയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അന്നും വിലപേശലായിരുന്നോ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ ചോദിച്ചു. കാര്യോപദേശക സമിതി ധനബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷം എതിർത്തിട്ടില്ല. യാതൊരു ഭേദഗതി നിർദ്ദേശവും കൊണ്ടുവന്നില്ല. മദ്യത്തിന് നികുതിയിളവ് നൽകുന്ന സമാനമായ വ്യവസ്ഥകൾ മുൻസർക്കാർ അവതരിപ്പിച്ച ധനബില്ലുകളിലുമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബാലഗോപാലിന്റെ ക്രമപ്രശ്നം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളി.
ബി.എ.സിക്ക് മുന്നിൽ വിഷയം എത്തിയിരുന്നതായും മദ്യനികുതിയിളവ് ഒളിച്ചുകടത്തുമെന്ന് അന്ന് അറിയില്ലായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു. അത് മനസിലാക്കിയപ്പോഴാണ് വിയോജിപ്പ് രേഖപ്പെടുത്തുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഹോർട്ടിവൈൻ വ്യാപിപ്പിക്കാൻ ആലോചിച്ചിരുന്നു. ഹോർട്ടിവൈൻ പഴം, ധാന്യം എന്നിവയിൽ നിന്ന് ഉണ്ടാക്കുന്നതാണ്. കർഷകർക്കും സഹകരണമേഖലക്കും ചെറുകിട വ്യവസായ മേഖലയ്ക്കും
ഉപകാരപ്രദമായ കാര്യമാണത്. ഇത് അട്ടിമറിച്ചാണ് വലിയ മദ്യക്കമ്പനികൾക്ക് ഇഷ്ടം പോലെ മദ്യം ഒഴുക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
കർഷകരെ സഹായിക്കാൻ ഹോർട്ടിവൈൻ നിർമ്മിക്കാനാണ് മുൻസർക്കാർ ഭേദഗതി നടത്തിയതെന്ന് പറയുമ്പോൾ, ബക്കാർഡി കമ്പനി കർഷകരുടെ കൂട്ടായ്മയാണോയെന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |