SignIn
Kerala Kaumudi Online
Thursday, 09 July 2026 3.53 AM IST

പി.എസ്.സിയിൽ വമ്പൻ ട്വിസ്റ്റ്,​ ഉന്നതരെ പൂട്ടാൻ ക്രൈംബ്രാഞ്ച്

READ ENGLISH VERSION
psc

തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിലെ തരികിട ഒന്നൊന്നായി പുറത്തുവരവെ, ക്രമക്കേടുകളിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് സർക്കാർ. വിജിലൻസ് അന്വേഷണമായിരുന്നു മന്ത്രിസഭായോഗ അജൻഡയിലുണ്ടായിരുന്നത്. എന്നാൽ, തട്ടിപ്പുകളും ഗൂഢാലോചനയുമടക്കം കണ്ടെത്താൻ ക്രൈംബ്രാഞ്ചാവും ഉത്തമമെന്ന മന്ത്രിമാരുടെ നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

അന്വേഷണച്ചുമതല, എത്രകാലത്തെ ക്രമക്കേടുകൾ അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളിൽ ആഭ്യന്തരവകുപ്പ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിജിലൻസാണ് അന്വേഷിക്കുന്നതെങ്കിൽ റിപ്പോർട്ട് അതത് അഡ്‌മിനിസ്ട്രേറ്റീവ് മേധാവിക്ക് കൈമാറണമെന്ന് 1992ൽ ഇറങ്ങിയ ഉത്തരവും മന്ത്രിസഭായോഗം ചർച്ചചെയ്തു. ജുഡിഷ്യൽ, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്, പി.എസ്.സി ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു സർക്കാർ ഉത്തരവ്. ഇതുപ്രകാരം അന്വേഷണറിപ്പോർട്ട് പി.എസ്.സി ചെയർമാന് കൈമാറേണ്ടിവരും. അല്ലെങ്കിൽ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടേക്കും. ക്രൈംബ്രാഞ്ചിന് വിടാൻ ഇതും കാരണമായി.

പ്രതികളാരാണെന്ന് കണ്ടെത്തിയിട്ടില്ല. പ്രഥമദൃഷ്ട്യാ തെളിവുകളും ഇല്ലാത്തതിനാൽ വിജിലൻസിന് പ്രാഥമികാന്വേഷണത്തിനു ശേഷമേ കേസെടുക്കാനാവൂ. ക്രൈംബ്രാഞ്ചിന് ഈ പരിമിതിയില്ല. തട്ടിപ്പുകളും ഗൂഢാലോചനയും കണ്ടെത്തിയാൽ ഏത് ഉന്നതനെതിരെയും കുറ്റപത്രം നൽകാം. പി.എസ്.സിക്ക് ഭരണഘടനാ പദവിയുണ്ടെങ്കിലും ചെയർമാനോ അംഗങ്ങൾക്കോ ക്രിമിനൽ കേസുകളിൽ പരിരക്ഷയില്ല. അഴിമതിനിരോധന വകുപ്പുകളും ചുമത്താം. ലഭിച്ചതും ഇനി ലഭിക്കുന്നതുമായ പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറും. പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തായിരിക്കും അന്വേഷണം. റെയ്ഡിനും രേഖകൾ പിടിച്ചെടുക്കാനും അധികാരമുണ്ടാവും.

പരാതി പ്രവാഹം

1 ക്രൈംബ്രാഞ്ചിന് വിട്ടതിനു പിന്നാലെ, ഹോട്ടൽ മാനേജ്മെന്റ് അസി. പ്രൊഫസർ നിയമനത്തിലും ക്രമക്കേടെന്ന പരാതി തെളിവു സഹിതമെത്തി

2 കയർ കോർപ്പറേഷനിൽ പേഴ്സണൽ മാനേജർ തസ്തികയിലെ ഉദ്യോഗാർത്ഥിയുടെ ഉത്തരക്കടലാസ് മാറ്റിയെന്നാണ് മറ്റൊന്ന്. മൂല്യനിർണയം നടത്തിയത് പരാതിക്കാരന്റെ ഉത്തരക്കടലാസല്ല

3 എഴുത്തുപരീക്ഷയ്ക്ക് മാർക്കു കുറഞ്ഞവരെ റാങ്ക്പട്ടികയിൽ മുന്നിലെത്തിക്കാൻ അഭിമുഖത്തിന് ഉയർന്ന മാർക്കുനൽകിയ പരാതികളുമുണ്ട്

രാജിവച്ച് ഒഴിയാനിട

പി.എസ്.സി ചെയർമാനെയോ അംഗങ്ങളെയോ സംസ്ഥാനസർക്കാരിന് പുറത്താക്കാനാവില്ല. സുപ്രീംകോടതി ജഡ്ജിതല അന്വേഷണത്തിനു ശേഷമേ രാഷ്ട്രപതിക്ക് ഇവരെ നീക്കം ചെയ്യാനാവൂ. ക്രിമിനൽകേസിൽ കുറ്റപത്രം നൽകാനുള്ള സാഹചര്യമുണ്ടായാൽ രാജിവയ്ക്കാനിടയുണ്ട്.

പി.എസ്.സി പ്രതീക്ഷയും സ്വപ്നവുമാണ്. ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് പരീക്ഷ എഴുതി കാത്തിരിക്കുന്നത്. എല്ലാ പരാതിയും സമഗ്രമായി അന്വേഷിക്കും

- മുഖ്യമന്ത്രി വി.ഡി. സതീശൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA