SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

2018ന്റെ ഭീതിയിൽ റാന്നി

1

പത്തനംതിട്ട: പാതിരാത്രിയിൽ കനത്ത മഴ പെയ്‌തെങ്കിലും പ്രളയസമാന സാഹചര്യം റാന്നിക്കാർ പ്രതീക്ഷിച്ചില്ല. കിഴക്കൻ മലയോരത്ത് മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങൾ പമ്പാനദിയെ കലക്കി. ചെളിയും മണ്ണും കലർന്നു കുത്തിയൊഴുകി. തടികളും മുളകളും ഒഴുകിവന്നു. നഗരം ഒറ്റപ്പെട്ടു. അന്തരീക്ഷം മാറിയെന്നറിഞ്ഞ വ്യാപാരികളുടെ മനസിൽ 2018ലെ പ്രളയപ്പെയ്ത്തിന്റെ ഓർമ്മയെത്തി. അവർ ഫോണിലൂടെ വിവരം കൈമാറി. എല്ലാം വെള്ളം കൊണ്ടുപോകുമെന്ന് ഭയന്ന് പുലർച്ചെ മൂന്നോടെ പലരും ടൗണിലേക്ക് പാഞ്ഞു. പുഴ തീരം കയറി കുതിക്കുന്നു, റോഡിൽ മൂന്നടിയോളം വെള്ളം പൊങ്ങി. കടകളിൽ ഷട്ടറുകളുടെ വിടവുകളിലൂടെ മുറിക്കുള്ളിലേക്ക് ഒഴുകിപ്പരന്നു. ആഴ്ചകൾ മാത്രം അകലെ, ഓണവിപണിക്ക് പുതുപുത്തൻ സാധനങ്ങൾ നിറഞ്ഞു വരികയായിരുന്നു. തുണിക്കടകളിലും ഇലക്ട്രോണിക്, ഗാർഹികോപകരണ വിതരണകേന്ദ്രങ്ങളിലും ഓണപ്പെരുമ. നിലത്തു വച്ചിരുന്ന സാധനങ്ങൾ മാറ്റിയപ്പോഴേക്കും അഞ്ചടിയോളം വെള്ളമായി. രണ്ടാം നിലയുള്ളവർ അവിടേക്ക് വാരിക്കൂട്ടി. പുലരുവോളം വെള്ളത്തിന്റെ ഏറ്റം കണ്ടതോടെ മനസിൽ തീയേറി. രാവിലെ പത്തോടെ മഴ ശമിച്ചു. മൂടിക്കെട്ടിയ മേഘങ്ങൾ ഉച്ചയോടെ വീണ്ടും തീമഴയായി. വെള്ളം കെട്ടി നിൽക്കുന്ന നഗരത്തിലൂടെ ഗതാഗതവും നിരോധിച്ചു.

 2018 പ്രളയം: നഷ്ടപരിഹാരം കിട്ടിയില്ല

2018ലെ മഹാപ്രളയത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായ വ്യാപാരികൾക്ക് ഇതുവരെ നഷ്ടപരിഹാരം കിട്ടിയില്ല. പ്രളയത്തിൽ ഉദയാ സ്റ്റോഴ്സ് ഉടമ ഹരി വിജയന് 30 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. സർക്കാരിന്റെ നഷ്ടപരിഹാരം കിട്ടിയില്ല. കടം വാങ്ങിയും ലോണെടുത്തും വീണ്ടും വ്യാപാരം ആരംഭിച്ചു. സർക്കാരിന്റെ ഭാഗത്ത് നിന്ന് പരിശോധനയും കണക്കെടുപ്പും മാത്രം നടന്നു. റാന്നി നഗരത്തിൽ അഞ്ഞൂറോളം വ്യാപാരികളുണ്ടെന്നാണ് കണക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA