
തൊടുപുഴ: കൊടുംവേനലിൽ ഇടുക്കി ഡാം പതിവിലേറെ വറ്റിയപ്പോൾ കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ കാലവർഷമായിരുന്നു. പക്ഷേ, എൽനിനോ ചതിച്ചു. മഴക്കാലമാരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ ഡാം വൃഷ്ടിപ്രദേശത്ത് 46 ശതമാനത്തിന്റെ കുറവ്.
പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറച്ച് മൺസൂൺ മേഘങ്ങളുടെ വരവിനെ തടസപ്പെടുത്തുന്നത് എൽനിനോയാണ്. പസഫിക് സമുദ്രത്തിലെ ജലനിരപ്പ് അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണിത്. സമുദ്രം ചൂടുപിടിക്കുന്നതോടെ മഴമേഘങ്ങൾ തെക്കേ അമേരിക്കൻ തീരങ്ങളിൽ കേന്ദ്രീകരിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ഈർപ്പക്കാറ്റ് എത്തുന്നതും തടസപ്പെടും.
സംസ്ഥാനത്താകെ 17% മഴ കുറഞ്ഞു. കാലവർഷം ഏറ്റവും കുറവ് വയനാട്ടിലാണ്. ലഭിക്കേണ്ടതിന്റെ പകുതി മഴയേ കിട്ടിയുള്ളൂ. തിരുവനന്തപുരം, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ മാത്രമാണ് ഭേദപ്പെട്ട മഴ പെയ്തത്.
എൽനിനോ കാരണം അന്തരീക്ഷ താപനില സാധാരണയേക്കാൾ ഉയർന്നത് രാജ്യത്താകെ വൈദ്യുതി ഉപഭോഗം വർദ്ധിപ്പിച്ചു. കേരളത്തിലും 10 ലക്ഷം യൂണിറ്റിന്റെ വർദ്ധനയുണ്ടായി. ഹ്രസ്വകാലത്തേക്ക് അധിക വൈദ്യുതി വാങ്ങൽ കരാറിന് കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പവർ എക്സ്‌ചേഞ്ചുകളിലെ വൈദ്യുതി ലഭ്യത 5 ശതമാനമായി ചുരുങ്ങി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ഈമാസം 16 മുതൽ തിരികെ നൽകുകയുമാണ്. ഇതുകാരണമാണ് ജൂണിൽ പോലും അരമണിക്കൂർ വരെ വൈദ്യുതി കട്ട് പ്രഖ്യാപിക്കേണ്ടി വന്നത്.
ഡാമുകളിൽ
വെറും 21% ജലം
കെ.എസ്.ഇ.ബിയുടെ പ്രധാന അണക്കെട്ടുകളിലാകെ 21% വെള്ളമാണുള്ളത്. 879.952 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ജലമാണിത്. എൽനിനോ ശക്തമായിരുന്ന 2023ന് ശേഷം ആദ്യമായാണ് ജൂണിൽ ഇത്രയും ജലനിരപ്പ് താഴുന്നത്. ഇടുക്കിയിൽ 2321.04 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 24 ശതമാനം. പമ്പ അണക്കെട്ടിൽ 20% വെള്ളം മാത്രം. ഷോളയാർ, തരിയോട്, കുണ്ടള, മാട്ടുപ്പെട്ടി, ആനയിറങ്കൽ ഡാമുകളിൽ ജലനിരപ്പ് 15 ശതമാനത്തിൽ താഴെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |