
കൊച്ചി: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസിനടിയിലേക്ക് വീണ് വസ്ത്രം പൂർണമായും കീറിപ്പോയ വീട്ടമ്മയ്‌ക്ക് ഉടുമുണ്ടഴിച്ച് നൽകിയ ഷാജിക്ക് സമൂഹമാദ്ധ്യമങ്ങളിലും നാട്ടിലും അഭിനന്ദനപ്രവാഹം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിൽ നിന്ന് വിളിച്ച് അഭിനന്ദിച്ചു. അദ്ദേഹം കൊച്ചിയിൽ വരുമ്പോൾ കാണണമെന്നും അറിയിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ അഭിനന്ദനവാക്കുകളോടെ ഷാജിയുടെ ചിത്രങ്ങളടങ്ങിയ വീഡിയോയും ഷെയർ ചെയ്തു.
ചൊവ്വാഴ്ച തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലായിരുന്നു അപകടം. കടകളിലും സ്ഥാപനങ്ങളിലും സൈക്കിളിൽ ചായ എത്തിക്കുന്നയാളാണ് നടമ എരുവേലി മരട്ടിപ്പറമ്പിലെ എം.ആർ. ഷാജി (53). ഉച്ചയ്ക്ക് 12ന് അപകടമുണ്ടായപ്പോൾ ഓടിയെത്തിയ ഷാജി വീട്ടമ്മയെ ഉടുത്തിരുന്ന മുണ്ട് അഴിച്ച് പുതപ്പിക്കുകയായിരുന്നു. സമീപത്തെ ടെക്സ്‌റ്റൈൽസ് ജീവനക്കാരനാണ് ഷാജിക്ക് മറ്റൊരു മുണ്ട് നൽകിയത്.
ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റ തൃപ്പൂണിത്തുറ എരുവേലി പാലസ് സ്ട്രീറ്റിലെ വീട്ടമ്മ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഇവരുടെ ബന്ധു ഷാജിയെ കാണാനെത്തിയിരുന്നു.
അമ്മ പത്മാക്ഷി രവി, ഭാര്യ അമ്പിളി, മക്കളായ ബികോം വിദ്യാർത്ഥി അതുൽ, നാലാം ക്ളാസുകാരി അവന്തിക എന്നിവരുൾപ്പെട്ടതാണ് ഷാജിയുടെ കുടുംബം. എസ്.എൻ.ഡി.പി യോഗം നടമ ശാഖാ ഭാരവാഹികളും വീട്ടിലെത്തി അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |