
ന്യൂഡൽഹി: സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കൗൺസലുമാരായി അഞ്ചു പേരെ നിയമിച്ചു. അഡ്വ. എം.ആർ. രമേശ് ബാബുവാണ് സീനിയർ സ്റ്റാൻഡിംഗ് കൗൺസൽ. ആദ്യമായാണ് സീനിയർ സ്റ്റാൻഡിംഗ് കൗൺസൽ പദവി രൂപീകരിച്ചനത്. 1984 മുതൽ സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്നു. 2001 - 2006ലും, 2011-2016ലും സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കൗൺസലായിരുന്നു. റിസർവ് ബാങ്കിന്റെ അഭിഭാഷകനുമായിരുന്നു. പെരുമ്പാവൂർ സ്വദേശിയാണ്. അഡ്വ. അൽജോ കെ. ജോസഫ്, അഡ്വ. പി.എസ്. സുൾഫിക്കർ അലി, അഡ്വ. മർസൂക് ബാഫഖി തങ്ങൾ എന്നിവരാണ് സ്റ്റാൻഡിംഗ് കൗൺസിലർമാർ. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
അൽജോ കെ. ജോസഫ്
യൂത്ത് കോൺഗ്രസിന്റെ ഹ്യൂമൻ റൈറ്റ്സ് വിഭാഗത്തിലും, നിയമവിഭാഗത്തിന്റെ അഖിലേന്ത്യാ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.സി.സിക്ക് വേണ്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയിൽ കൈകാര്യം ചെയ്‌തു. സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് അസോസിയേഷൻ ട്രഷററാണ്ണ്. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി.
അഡ്വ. പി.എസ്. സുൾഫിക്കർ അലി
സുപ്രീംകോടതിയിൽ 20 വർഷത്തിലേറെയായി പ്രാക്‌ടീസ് ചെയ്യുന്നു. 2014ൽ അഡ്വക്കേറ്റ് ഓൺ റെക്കാഡായി. പാലക്കാട് ആലത്തൂർ സ്വദേശി. വഖഫ് നിയമഭേദഗതി, പൗരത്വനിയമഭേദഗതി എന്നിവയ്‌ക്കെതിരെയുള്ള ഹർജികളിലെ അഭിഭാഷകൻ.
അഡ്വ. മർസൂക് ബാഫഖി തങ്ങൾ
പാണക്കാട് കുടുംബാംഗം. 2008 മുതൽ സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്നു. 2014 മുതൽ 2018 വരെ കാലിക്കറ്റ് സർവകലാശാലയുടെ സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കൗൺസലായിരുന്നു. 2012ൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനിൽ കേരള സർക്കാരിന്റെ കൗൺസലായിരുന്നു.
അഡ്വ. ജെയിംസ് പി. തോമസ്
2012 മുതൽ സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്നു. 2017 മുതൽ 2019 വരെ കെ.എസ്.ഇ.ബി അഭിഭാഷകൻ. മുല്ലപ്പെരിയാൽ കേസിലെ ഹർജിക്കാർക്കായി സുപ്രീംകോടതിയിൽ ഹാജരാകുന്നു. മുനമ്പം കേസിൽ നാട്ടുകാരുടെയും അഭിഭാഷകൻ. മൂവാറ്റുപുഴ സ്വദേശി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |