SignIn
Kerala Kaumudi Online
Monday, 01 June 2026 4.58 AM IST

സി.എം അങ്കിൾ നൽകിയ സമ്മാനങ്ങളുമായി വിനോദിനിയും നൈസമോളും സ്കൂളിലേക്ക്

vinodhini

പാലക്കാട്: സി.എം അങ്കിൾ നൽകിയ സമ്മാനങ്ങളുമായി വിനോദിനിയും നൈസമോളും ഇന്ന്‌ സ്കൂളിലേക്ക്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പത്തുവയസുകാരിയാണ് വിനോദിനി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ജില്ലാ കളക്ടർ കെ.സുധീറാണ്‌ വീട്ടിലെത്തി സ്‌കൂൾ ബാഗ്, പുസ്തകങ്ങൾ, കുട ഉൾപ്പെടെ പഠനോപകരണങ്ങൾ കൈമാറിയത്. പുതിയ അദ്ധ്യയന വർഷത്തിൽ വിനോദിനി പല്ലശ്ശന വി.ഐ.എം.എച്ച്.എസ് സ്കൂളിൽ അഞ്ചാം ക്ലാസിലേക്ക് ജയിച്ചിരുന്നു.

ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവ് മൂലം വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശൻ ഇടപെട്ട് കുട്ടിക്ക് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും നൽകി.

വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച കൃത്രിമക്കൈ കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളത്തെ 'ഹോപ്പ്' എന്ന സ്ഥാപനത്തിൽ വച്ച് വിനോദിനിക്ക് വച്ചുപിടിപ്പിച്ചത്.

ഉരുൾദുരന്തത്തിൽ ഉപ്പ ഷാജഹാൻ, കൂടപ്പിറപ്പുകളായ ഹീന (16),ഫൈസ (12) എന്നിവരെയും ഒപ്പം നാലു ബന്ധുക്കളെയും നഷ്ടമായ നൈസമോൾ ഉമ്മ ജസീലയ്ക്കൊപ്പം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെല്ലാം നൈസയെ പ്രത്യേകം കണ്ടിരുന്നു.

വയനാട് ടൗൺഷിപ്പിലെ നാലാംസോണിൽ എ ക്ളസ്റ്ററിലെ ആറാമത്തെ വീട്ടിൽ ഇന്നലെ ഗൃഹപ്രവേശന ആഘോഷത്തിനിടെയാണ് മുഖ്യമന്ത്രിയുടെ സർപ്രൈസ് ഗിഫ്റ്റുമായി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ എത്തിയത്.

സമ്മാനപ്പൊതിയിൽ, സ്കൂൾ ബാഗ്, വർണക്കുട, പുസ്തകങ്ങൾ, കളർപെൻസിലുകൾ.... പിന്നെ ഒരു പെട്ടി നിറയെ മിഠായിയും.!!

നൈസമോളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശൻ ഉരുൾദുരന്തവേളയിൽ പ്രഖ്യാപിച്ചിരുന്നു. കൽപ്പറ്റ എം.സി.എഫ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് നൈസ മോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA