
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതൃപദവിയുമായി ബന്ധപ്പെട്ട തർക്കത്തിൽ മഞ്ഞുരുകലിന് സാദ്ധ്യതയില്ലെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. രണ്ട് പാർട്ടികളും ചർച്ച തുടരുന്നതിനിടെയാണ്, ഇന്നലെ വാർത്താ സമ്മേളനത്തിൽ ഇതേക്കുറിച്ചുള്ള ചോദ്യത്തോട് കടുത്ത സ്വരത്തിൽ പിണറായി പ്രതികരിച്ചത്. എൽ.ഡി.എഫിൽ വോട്ടെടുപ്പിലൂടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശം അവരും പിന്നോട്ടില്ലെന്നതിന്റെ സൂചനയാണ്.
സി.പി.ഐയുടെ ആവശ്യത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോൾ 'അതെല്ലാം കഴിഞ്ഞല്ലോ, ഇപ്പോഴും ഞാൻ അവിടെ തന്നെയാണ് നിൽക്കുന്നത്" എന്നായിരുന്നു പിണറായിയുടെ മറുപടി. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലേ എന്ന ചോദ്യത്തിന് ''എന്തു വിട്ടുവീഴ്ചയാണ്, ആരാണ് വിട്ടുവീഴ്ച ചെയ്യേണ്ടത്, കേരളത്തിൽ ഏതെങ്കിലും കാലത്ത് ഇത്തരം ഒരു പ്രശ്നമുണ്ടായിട്ടുണ്ടോ? ഇല്ലാത്ത ഒരു പ്രശ്നം എങ്ങനെ ചർച്ച ചെയ്യും"" എന്നായിരുന്നു മറുചോദ്യം. ബിനോയ് വിശ്വത്തെ എൽ.ഡി.എഫ് കൺവീനർ കണ്ട കാര്യം ചോദിച്ചപ്പോൾ, താനും ബിനോയ് വിശ്വത്തെ കാണുമെന്നും അതിൽ പ്രശ്നമില്ലെന്നു"മായിരുന്നു പ്രതികരണം.
ഇതിനിടെ, ഉപ നേതൃപദവി തർക്കത്തിൽ നീരസം പ്രകടിപ്പിച്ച് ആർ.ജെ.ഡി രംഗത്ത് വന്നതും സി.പി.ഐയെ ചൊടിപ്പിച്ചു. ഉപ നേതൃസ്ഥാനത്തിൽ സി.പി.ഐയ്ക്ക് ഒരു വാശിയുമില്ലെന്നും ഇടതുപക്ഷ ഐക്യമാണ് സി.പി.ഐ രാഷ്ട്രീയത്തിന്റെ കാതലെന്നും ഇന്നലെ ഡൽഹിയിൽ പറഞ്ഞ ബിനോയ്, പ്രശ്നപരിഹാര ചർച്ചകൾക്കായി സി.പി.ഐ എല്ലാക്കാലവും വാതിൽ തുറന്നിട്ടിട്ടുണ്ടെന്നും പറഞ്ഞു. മുന്നണിയിൽ ആളെപ്പിടിച്ച് വോട്ട് ചെയ്ത് തീരുമാനങ്ങളെടുക്കരുതെന്നും, സി.പി.ഐ മുന്നണിയിൽ ഒറ്റപ്പെട്ടിട്ടില്ലെന്നും പറഞ്ഞത് സി.പി.എമ്മിനും ആർ.ജെ.ഡിക്കുമുള്ള മറുപടിയാണ്.
പിടിവാശിയില്ല:
അയഞ്ഞ്
ബിനോയ് വിശ്വം
ന്യൂഡൽഹി: പ്രതിപക്ഷ ഉപ നേതൃസ്ഥാനം സംബന്ധിച്ച് പിടിവാശിയില്ലെന്നും, സി.പി.എമ്മുമായി ചർച്ചയ്ക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
വെടിയും പുകയുമൊന്നുമില്ല. രാഷ്ട്രീയ പ്രശ്നമാണ്. . രാഷ്ട്രീയ തർക്കമാക്കാൻ സി.പി.ഐയ്ക്ക് ഉദ്ദ്യേശമില്ല. ഇടതുപക്ഷ ഐക്യമാണ് സി.പി.ഐ രാഷ്ട്രീയത്തിന്റെ കാതൽ. ചർച്ചയിലൂടെ രമ്യമായി പരിഹരിക്കപ്പെടണം. സി.പി.എമ്മുമായുള്ള ബന്ധം ഊഷ്മളമാക്കാനാണ് ശ്രമം. സി.പി.എം രാഷ്ട്രീയ ബോദ്ധ്യമുള്ള പാർട്ടിയാണ്. എല്ലാക്കാലവും സി.പി.ഐയുടെ മുഖ്യശക്തിയാണ് അവരെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
എന്നാൽ, വിഷയം മുന്നണിയിൽ ചർച്ച ചെയ്യണമെന്ന സി.പി.എം നിലപാടിനെ അദ്ദേഹം എതിർത്തു. എൽ.ഡി.എഫിനകത്ത് വോട്ടെടുപ്പിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. ആളുകളെ സംഘടിപ്പിച്ച് വോട്ട് ചെയ്യിക്കുന്നത് എൽ.ഡി.എഫ് രീതിയല്ല. മുന്നണിയിൽ സി.പി.ഐ ഒറ്റപ്പെട്ടെന്നതും ശരിയല്ല. വിട്ടുവീഴ്ച ചെയ്യണമെന്നത് ആർ.ജെ.ഡിയുടെ നിലപാടാണ്. പ്രശ്നപരിഹാരത്തിന് പ്രധാന വഴി ചർച്ചയാണ്.
അജിത് കുമാർ
അയോഗ്യൻ
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായിരിക്കാൻ എം.ആർ. അജിത്കുമാർ യോഗ്യനല്ലന്നെതാണ് എല്ലായ്പ്പോഴും സി.പി.ഐയുടെ നിലപാട്. ഭരണം മാറിയതു കൊണ്ട് നിലപാടിൽ വെള്ളം ചേർക്കില്ല. ഊഴം വച്ച് ആർ.എസ്.എസ്. നേതാക്കളെ മാറി മാറി സന്ദർശിച്ചയാളാണ്. തൃശൂർപൂരം കലക്കലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. എല്ലാക്കാലത്തും സി.പി.ഐ ഇതു തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ മാദ്ധ്യമങ്ങൾ അതവഗണിച്ചെന്നും ബിനോയ് കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |